കോട്ടയത്ത് മകന്റെ കണ്ണില്ലാത്ത ക്രൂരത: വൃദ്ധ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടു; മരുന്നും ഭക്ഷണവും നല്‍കിയില്ല, അച്ഛന്‍ മരിച്ചു


മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വയോധിക ദമ്പതികളോട് മകന്റെ കൊടുംക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ പ്രായമായ അച്ഛനെയും അമ്മയെയും മകന്‍ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛന്‍ ഒടുവില്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഉള്‍പ്രദേശമായ അസംബനിയിലെ വൃദ്ധദമ്പതിമാരായ പൊടിയനും ഭാര്യക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇവിടുത്തെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു കൊടുംക്രൂരത നടന്നത്.

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്ന പൊടിയനും ഭാര്യയും മാസങ്ങളായി വീടിനകത്തെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇളമകന്‍ റെജിയുടെ ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മദ്യപാനിയായ റെജി, മാതാപിതാക്കളെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ആളുമാണെന്നാണ് വിവരം.

പൊടിയനെയും ഭാര്യയെയും ആരെങ്കിലും സഹായിക്കുന്നത് തടയുന്നതിനു വേണ്ടി റെജി ഇവരുടെ മുറിയിലെ കട്ടിലിനു സമീപത്തായി നായയെ കെട്ടിയിട്ടിരുന്നു. നായയ്ക്ക് ഭക്ഷണം നല്‍കിയാല്‍ പോലും ഇയാള്‍ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നത്. നാലും അഞ്ചും ദിവസം പഴക്കമുള്ള ഭക്ഷണമാണ് പലപ്പോഴും ഇയാള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നത്.

ചൊവ്വാഴ്ച പാലിയേറ്റീവ് പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയപ്പോളാണ് റെജി മാതാപിതാക്കളോട് കാണിച്ച കൊടും ക്രൂരത പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് പൊടിയനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. കാഞ്ഞിരപ്പിള്ളി ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച രാത്രിയോടെ പൊടിയന്‍ മരിച്ചു. പൊടിയന്റെ ഭാര്യക്ക് മാനസിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. റെജിക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക