കൊവിഡ് വന്നതിന് ശേഷം മുടി കൊഴിച്ചില്‍ കൂടിയോ? നോക്കാം മുടികൊഴിച്ചിലിനുള്ള കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും


മുടിയിഴകള്‍ കൊഴിയും, പുതിയത് വളര്‍ന്നുവരും. ഇത് സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ഈ താളം തെറ്റി, മുടി കൂടുതലായി പൊഴിയുമ്പോഴാണ് പ്രശ്നം. ദിവസവും നൂറിലേറെ മുടിയിഴകള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍, അതിനെ മുടികൊഴിച്ചിലായി കണക്കാക്കാം. ചിലപ്പോഴത് താത്കാലികമായിരിക്കും. മറ്റ് ചിലപ്പോഴത് സ്ഥായിയായ പ്രശ്നമായി നിലനില്‍ക്കാം.

മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്പര്യഘടങ്ങള്‍, മാസികസംഘര്‍ഷം, ഹോര്‍മോണ്‍തകരാറുകള്‍ കാരണമുള്ള രോഗങ്ങള്‍, മറ്റ് ചില ആന്തരിക രോഗങ്ങള്‍, താരന്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. പ്രസവശേഷം ചിലരില്‍ മുടികൊഴിച്ചിലുണ്ടാകാം. ഇതൊന്നും കൂടാതെ വളരെ ശക്തിയായി മുടി തോര്‍ത്തുന്നത്, ഷാംപൂവിന്റെ അമിതോപയോഗം, മുടി വലിച്ചുകെട്ടുന്ന ശീലം തുടങ്ങിയവും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

മുടിയെ അറിയാം

  • മുടി നിര്‍മിച്ചിരിക്കുന്നത്
  • കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ട്.
  • വളരുന്നത് ശിരോചര്‍മത്തിലെ രോമകൂപങ്ങളില്‍നിന്ന്.
  • രോമകോശങ്ങള്‍ മുകളിലേക്ക് നീങ്ങി കട്ടിയായിത്തീര്‍ന്ന് മുടിയിഴകള്‍ രൂപംകൊള്ളുന്നു.
  • ജീവനില്ലാത്തവയാണ് മുടിയിഴകള്‍.

മുടിയുടെ സ്വഭാവം

  • സാധാരണ മുടി: ആവശ്യത്തിന് മൃദുദ്വവും എണ്ണമയവുമുള്ള മുടി.
  • വരണ്ട മുടി: പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുമുണ്ട്.
  • എണ്ണമയമുള്ള മുടി: സെബേഷ്യസ് ഗ്രന്ഥി അമിതമായി സെബം ഉത്പാദിപ്പിക്കുന്നതുകൊണ്ട് കൂടുതല്‍ എണ്ണമയം നിലനില്‍ക്കുന്നു.

കോവിഡും മുടികൊഴിച്ചിലും

കോവിഡ് ബാധയെ തുടര്‍ന്ന് വളരെ സാധാരണമായി ഉണ്ടാകുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. സാധാരണ മുടികൊഴിച്ചിലില്‍നിന്ന് വ്യത്യസ്തമായി വളരെ അധികം മുടിയിഴകള്‍ ദിവസവും പൊഴിയുന്നതായി കാണപ്പെടുന്നു. കോവിഡ് വന്ന് ആഴ്ചകള്‍ക്കുശേഷമാണ് മുടികൊഴിച്ചില്‍ തുടങ്ങുന്നത്. അഞ്ചുമാസം വരെ ഇത് തുടരാം. മുടികൊഴിച്ചില്‍ കൂടി ശിരോചര്‍മം പുറത്തുകാണുന്ന നിലവരെ എത്താം. വലിയതോതില്‍ മുടികൊഴിയുന്നത് ചിലരില്‍ മാനസിക സമ്മര്‍ദത്തിനും ഇടയാക്കുന്നുണ്ട്. മുടിയുടെ 90 ശതമാനത്തോളവും വളര്‍ച്ചയുടെ ആദ്യഘട്ടമായ അനാജന്‍ ഘട്ടത്തിലുള്ളതായിരിക്കും. രണ്ടാം ഘട്ടമായ കാറ്റജന്‍ ഒരു ശതമാനവും. മൂന്നാം ഘട്ടമായ ടിലോജന്‍ 10 ശതമാനവും ഉണ്ടായിരിക്കും.

കോവിഡ് വന്നവരില്‍ മാനസിക സമ്മര്‍ദം (Stress) കാരണം ടിലോജന്‍ എഫല്‍വിയം (Telogen Eff luvium) എന്ന അവസ്ഥ ഉണ്ടാകുന്നു. അതായത് പെട്ടെന്നുതന്നെ ഒരുപാട് മുടികള്‍ ഒരുമിച്ച് ടിലോജന്‍ എന്ന അവസ്ഥയിലേക്ക് മാറുന്നു. ആ മുടികള്‍ എല്ലാംതന്നെ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ കൊഴിയാന്‍ തുടങ്ങുന്നു. ഇത് 4-5 മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കാം.

മുടിയുടെ പാളികള്‍

കോര്‍ട്ടെക്‌സ്: തലമുടിക്ക് ദൃഢതയും ഇലാസ്തികതയും നല്‍കുന്നതാണിത്. ഇതിലടങ്ങിയ മെലാനിന്‍ മുടിക്ക് കറുപ്പ് നല്‍കുന്നു. മധ്യഭാഗത്തെ പാളിയാണ് ഇത്.
മെഡുല്ല: മുടിയുടെ അകത്തെ പാളിയാണിത്.
ക്യൂട്ടിക്കിള്‍: ഏറ്റവും പുറമേയുള്ള പാളിയാണിത്. മുടിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

കോവിഡ് ബാധിതരിലെ മുടികൊഴിച്ചില്‍ നേരിടാന്‍ എന്തൊക്കെ ചെയ്യണം?

ആദ്യം മനസ്സിലാക്കേണ്ടത് ഇത് ഒരു താത്കാലികമായ മുടികൊഴിച്ചില്‍ ആണെന്നാണ്. കോവിഡില്‍നിന്ന് മുക്തിനേടി ശരീരം പൂര്‍വ ആരോഗ്യസ്ഥിതി നേടിക്കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ മുടികൊഴിച്ചില്‍ പൂര്‍ണമായും നില്‍ക്കുകയും ആ രോമകൂപങ്ങളില്‍ പുതിയ മുടികള്‍ വളരുകയും ചെയ്യും. ഈ അവസ്ഥ ക്ഷമയോടെ നേരിടുകയാണ് വേണ്ടത്. മാനസികസംഘര്‍ഷം നിയന്ത്രിക്കുന്നത്
മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. മുടി പൂര്‍ണമായും തിരിച്ചുവരുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കി മുടിയുടെ ഇനിയുള്ള വളര്‍ച്ചയ്ക്കുതകുന്ന സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാം.

മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റ് രോഗങ്ങളോ, പോഷകക്കുറവോ, തൈറോയ്ഡ്, ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഇല്ല എന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക. ആവശ്യമായ പോഷകാഹാരങ്ങള്‍ നിര്‍ദേശ
പ്രകാരം കഴിക്കുക.

പൊതുവേ മുടിയുടെ വളര്‍ച്ചയ്ക്കുള്ള ലേപനങ്ങളും മറ്റും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, മറ്റ് രോഗങ്ങളുടെ അഭാവത്തില്‍, കോവിഡുമൂലമുള്ള മുടികൊഴിച്ചില്‍ താനേ മാറുന്നതാണ്.

താരനും മുടികൊഴിച്ചിലും

നമ്മുടെ ശിരോചര്‍മത്തിലെ ശല്കങ്ങള്‍ പൊഴിയുന്നതിനെയാണ് താരന്‍ എന്ന് വിളിക്കുന്നത്. ഇത് സാധാരണ ഗതിയില്‍ നിര്‍ദോഷകരമായ അവസ്ഥയാണ്. എന്നാല്‍ വലിയ തോതില്‍ കൂടുമ്പോഴാണ് പ്രശ്നമായി മാറുന്നത്.
തണുപ്പുകാലങ്ങളില്‍, തൊലി വരളുമ്പോള്‍, തല നനയ്ക്കാതിരിക്കുമ്പോള്‍ ഒക്കെ ഇത് കൂടാം. ചില ആളുകളില്‍ കോശങ്ങള്‍ ധാരാളമായി വിഭജിക്കുന്നതുകൊണ്ട് കൂടുതല്‍ പൊഴിച്ചില്‍ കാണാം. ചിലരില്‍ ഇത് ശിരോചര്‍മത്തില്‍ കാണുന്ന മലസ്സീസിയ (Malassezia) എന്ന ഗണത്തില്‍പ്പെട്ട ചില ഫംഗസുകളോടുള്ള അമിത പ്രതികരണമാകാം. മലസ്സീസിയ എന്ന ഫംഗസ് ശിരോചര്‍മത്തില്‍ കാണുന്നവയാണ്. ഇത് സാധാരണഗതിയില്‍ നിരുപദ്രവകാരിയാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ പെരുകി താരന് കാരണമാകുന്നു.

മറ്റ് ചിലരില്‍ ഇത് സെബോറിക് ഡെര്‍മറ്റൈറ്റിസ് (Seborrheic Dermatitis) എന്ന അവസ്ഥയുടെ ഭാഗമാകാം. ശിരോചര്‍മത്തില്‍ ധാരാളമായി കണ്ടുവരുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ കൗമാരം മുതല്‍ ധാരാളമായി സെബം (Sebum) എന്ന എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. പാരമ്പര്യമായും മറ്റ് ഹോര്‍മോണ്‍ തകരാറുകള്‍ മൂലവും (പ്രധാനമായും പി.സി.ഒ.ഡി. മുതലായ അസുഖങ്ങളില്‍) ഈ ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കും. അതിനാല്‍ അവിടെ ബാക്റ്റീരിയയും ഫംഗസുകളും കൂടുതലായി വളരുകയും ശിരോചര്‍മത്തില്‍ മൈക്രോ ഇന്‍ഫല്‍മേഷന്‍ (Microinf lammation) ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പല രീതിയിലുള്ള മുടി കൊഴിച്ചിലിനും കാരണമാകുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം?

തണുപ്പ് കാലങ്ങളില്‍, ശിരോചര്‍മം വരളാതെ ശ്രദ്ധിക്കുകയും ഇടയ്ക്ക് ഓയില്‍ മസ്സാജ് മുതലായവ ചെയ്യുകയും വേണം. എന്നാല്‍ അമിതമായ എണ്ണയുടെ ഉപയോഗം, പ്രത്യേകിച്ചും വിയര്‍ക്കുന്ന, ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ നന്നല്ല. അതിനാല്‍ കൂടുതല്‍ താരന്‍ ഉള്ളവര്‍ എണ്ണ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഷാംപൂ ഉപയോഗിച്ച് കൂടുതലുള്ള എണ്ണ കളഞ്ഞ് ശിരോചര്‍മം വൃത്തിയാക്കുന്നതായിരിക്കും നല്ലത്.

കൃത്യമായി ഇടവിട്ടുള്ള ആന്റിഡാന്‍ഡ്രഫ് ഷാംപൂവിന്റെ ഉപയോഗം ( Ketoconazole, Zinc pyrithione എന്നിവ അടങ്ങിയ) ശിരോചര്‍മത്തിലെ ഫംഗസുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഉപയോഗിക്കേണ്ടത്.
താരന്‍ കൂടുന്നത് മൂലം അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ഡോക്ടറെ കാണിച്ച് മരുന്നുകള്‍ തുടങ്ങേണ്ടതാണ്.

കൂടുതലായി കാണുന്ന താരന്‍ സോറിയാസിസിന്റെ ലക്ഷണവും ആകാം. ഡോക്ടറെ കണ്ട് പരിശോധന നടത്തിവേണം ചികിത്സ നിശ്ചയിക്കാന്‍.

സ്ഥിരമായി ഹെല്‍മെറ്റ് വെക്കുന്നത് മൂലം മുടി കൊഴിയുമോ?

പൊതുവേ ആളുകള്‍ കഷണ്ടിക്ക് പോലും ഹെല്‍മെറ്റിനെ കുറ്റം പറയുന്ന രീതിയായാണ് കണ്ടുവരുന്നത്. ഇത് ശരിയല്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഹെല്‍മെറ്റിന്റെ ഉപയോഗം, മുടിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
ദീര്‍ഘനേരം ഹെല്‍മെറ്റ് ഉപയോഗിക്കുന്നതുമൂലം തലയില്‍ വിയര്‍പ്പ് തങ്ങിനില്‍ക്കുന്നതും, വേണ്ടത്ര ശുചിത്വം പാലിക്കാത്തതും തലയില്‍ ഫംഗസ് മുതലായ അണുബാധയ്ക്ക് കാരണമാകാം, താരന്‍ വര്‍ധിക്കുകയും അത് കാരണം മുടി കൊഴിച്ചില്‍ കൂടുകയും ചെയ്യാം.

വളരെ ഇറുക്കമുള്ള ഹെല്‍മെറ്റിന്റെ ഉപയോഗം മുടിയുടെ റൂട്ടുകളില്‍ പ്രഷര്‍ (ട്രാക്ഷന്‍) ഉണ്ടാക്കുകയും മുടി കൊഴിച്ചില്‍ ഉണ്ടാക്കുകയും ചെയ്യാം.

ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ തുണി തലയില്‍ കെട്ടുന്നത് മുടിയെ സംരക്ഷിക്കാന്‍ സഹായിക്കും.

ഹെയര്‍ക്ലിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

മുടിയില്‍ ക്ലിപ്പുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇറുകി ഒരേ സ്ഥലത്തുതന്നെ ഹെയര്‍ ക്ലിപ്പുകളും മറ്റും ഉപയോഗിക്കുന്നത് അവിടെ പ്രഷര്‍ ഉണ്ടായി മുടി നഷ്ടമാകാന്‍ കാരണമാകുന്നു. അതിനാല്‍ കുറച്ചു ലൂസ് ആയി ക്ലിപ്പ് ധരിക്കുകയും ഊരുമ്പോള്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വളരെ ഇറുകി പിന്നോട്ട് ചീകി പോണി ടെയില്‍ (Pony Tail) ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിക്കുന്നവരും ഈ കാര്യം ശ്രദ്ധിക്കണം.

ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

സ്ഥിരം ഉപയോഗത്തിന് വീര്യം കുറഞ്ഞ, സള്‍ഫേറ്റ് (sulphate) അഥവാ SLS Free എന്ന് ലേബല്‍ ചെയ്തിട്ടുള്ള ഷാംപൂ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. പ്രത്യേകിച്ചും ട്രീറ്റ്ഡ് ഹെയര്‍ ആണെങ്കില്‍ (കളറിങ്, സ്‌ട്രൈറ്റനിങ് ഒക്കെ ചെയ്തവ). കുട്ടികളില്‍ ഉപയോഗിക്കുന്ന ഷാംപൂവിലുള്ള Surfactant വളരെ കുറവായിരിക്കും, കണ്ണില്‍ ഒക്കെ പോയാലും കുഴപ്പം ഇല്ലാത്തത്. എന്നാല്‍ ചികിത്സാ ആവശ്യത്തിന് ഉപയോഗിക്കുന്ന ഷാംപൂവില്‍ മറ്റു പ്രത്യേക ഘടകങ്ങളും ഉണ്ടാകും.

മഴക്കാലത്തെ കേശ സംരക്ഷണം

മഴക്കാലത്ത് ഈര്‍പ്പം കെട്ടി നില്‍ക്കുന്നതുമൂലം അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നനഞ്ഞ മുടി കെട്ടിവെക്കരുത്. കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോ വട്ടവും ഷാംപൂവിന് ശേഷം കണ്ടിഷനര്‍ ഉപയോഗിക്കണം. അത് മുടി വരണ്ടുപോകാതെ സംരക്ഷിക്കും, മുടിയുടെ തിളക്കം നില നിര്‍ത്തുകയും ചെയ്യും. ഇടയ്ക്കുള്ള ഓയില്‍ മസ്സാജ്, ഹെയര്‍ സ്പാ മുതലായവും മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ്.

ടെന്‍ഷനും മുടികൊഴിച്ചിലും

മാനസിക സമ്മര്‍ദം കാരണവും മുടികൊഴിച്ചില്‍ വരാം. ഇതിനെ ടിലോജന്‍ എഫല്‍വിയം എന്നു പറയും. ഇത് രണ്ടുതരത്തിലുണ്ട്. അക്യൂട്ട് ടിലോജന്‍ എഫല്‍വിയം, ക്രോണിക് ടിലോജന്‍ എഫല്‍വിയം. പെട്ടെന്ന് മുടികൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് അക്യൂട്ട് ടിലോജന്‍ എഫല്‍വിയം. മാനസിക സമ്മര്‍ദം, ചില അസുഖങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാം. കൂടുതല്‍ മുടികള്‍ ടിലോജന്‍ ഘട്ടത്തിലേക്ക് മാറുകയും ഒരുമിച്ച് കൊഴിഞ്ഞുപോകുകയും ചെയ്യുകയാണ് ഈ അവസ്ഥയില്‍ ഉണ്ടാകുന്നത്.

ക്രോണിക് ടിലോജന്‍ എഫല്‍വിയത്തില്‍ കുറച്ചുകാലം കൊണ്ടാണ് മുടി കൊഴിയുന്നത്. ഇവരില്‍ ടിലോജന്‍ ഘട്ടത്തിലുള്ള മുടിയുടെ അനുപാതം കൂടുതലായിരിക്കും. അതുകൊണ്ട് സാധാരണയിലും കൂടുതല്‍ മുടി കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. പോഷകാഹാരക്കുറവ്, തൈറോയ്ഡ് തകരാറുകള്‍, മറ്റ് ഹോര്‍മോണ്‍ തകരാറുകള്‍, ചില അസുഖങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.

വട്ടത്തില്‍ മുടികൊഴിയുമ്പോള്‍

വട്ടത്തില്‍ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരില്‍ മുടി പിന്നീട് തിരിച്ചുവരാം. എന്നാല്‍ ചിലര്‍ക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടികൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അലോപേഷ്യ യൂണിവേഴ്സാലിസ് എന്നും പറയുന്നു. ഇത് ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. അതായത്ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം രോമകൂപങ്ങളെതന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മറ്റ് ഓട്ടോഇമ്യൂണ്‍ രോഗങ്ങളുടെ ഭാഗമായും ഈ രോഗം കാണാറുണ്ട്.

മുടി ചീകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  • ഓരോ തവണ ചീകിയ ശേഷവും ചീപ്പ് വൃത്തിയാക്കണം. ചീപ്പില്‍ മുടിയും അഴുക്കും അടിഞ്ഞുകൂടരുത്.
  • മുടി ഉണങ്ങിയ ശേഷമേ ചീകാവൂ. അല്ലെങ്കില്‍ മുടി പൊട്ടാനുള്ള സാധ്യതയുണ്ട്. മുടി ഉണക്കാനായി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് നല്ലതല്ല.
  • കുളികഴിഞ്ഞ് മുടി ശക്തമായി തുവര്‍ത്തുന്നവരുണ്ട്. അങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിലിന് ഇടയാക്കിയേക്കും.
  • മുടിയുടെ സ്വാഭാവിക ദിശയിലേക്ക് തന്നെ ചീകാന്‍ ശ്രദ്ധിക്കണം.
  • നനഞ്ഞ മുടി ദീര്‍ഘനേരം കെട്ടിവെയ്ക്കരുത്. ഇത് ഫംഗസ് ബാധയ്ക്ക് കാരണമാകും.

(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡെര്‍മറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)