കൊവിഡ് മരണം; മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം


തിരുവന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം നൽകി സംസ്ഥാന സർക്കാർ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ : ‘മഹാമാരിക്കിടെ സൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഉറ്റവർ മരണപ്പെടുമ്പോൾ മൃതദേഹം അടുത്ത് കാണാൻ കഴിയുന്നില്ല എന്നതാണ്. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിച്ച് സംസ്ഥാന സർക്കാർ. ഒരു മണിക്കൂറിൽ താഴെ മാത്രമേ വീട്ടിൽ മൃതദേഹം വയ്ക്കാൻ സമ്മതിക്കൂ’.

മരണമടയുന്നവരുടെ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകുമെന്നും അതുകൊണ്ട് ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.