കൊറോണ വൈറസിന്റെ ജനിതകമാറ്റം കൂടുതല്‍ അപകടമാണോ ? അറിയേണ്ടതെല്ലാം


ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇവ അപകടാരികളാണോ അല്ലയോ എന്ന് ശാസ്ത്രലോകം ചര്‍ച്ചചെയ്യുകയാണ്. എന്നാല്‍, ആശങ്കകള്‍ക്കു പകരം ജാഗ്രതയാണ് വേണ്ടത്. പല ലോകരാജ്യങ്ങളും മുന്‍കരുതല്‍ സ്വീകരിച്ചു കഴിഞ്ഞതും ശ്രദ്ധേയമാണ്. ഇന്ത്യയിലേക്കുളള വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ യുകെ നിന്നുളള വിമാനയാത്രകള്‍ക്ക് ഡിസംബര്‍ 31 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വൈറസിന്റെ ജനിതക വ്യതിയാനം ഉള്‍പ്പടെ അവയുടെഅപകട സാധ്യതയെക്കുറിച്ച് ഡോ. പുരുഷോത്തമന്‍ കെ.കെ, ഡോ.അരുണ്‍ മംഗലത്ത്, ഡോ.ദീപു സദാശിവന്‍, ഡോ.ഷമീര്‍ വി.കെ എന്നിവര്‍ എഴുതുന്നു.

ഇംഗ്ലണ്ടിന് തെക്കു കിഴക്കു ഭാഗത്തായിട്ടാണ് ഈ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുളളത്. ലണ്ടന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഈ വൈറസ് മൂലമാണ്. ഡിസംബര്‍ 13 വരെ മാത്രം 1108 കേസുകളാണ് ഇവിടെ കണ്ടെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്റ് ഒഴികെ യുകെയുടെ മിക്ക ഭാഗങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസ് എത്തിയതായി വിവരമുണ്ട്. കോവിഡ് -19 ജീനോമിക്‌സ് യുകെ കണ്‍സോര്‍ഷ്യം ആണ് ഈ പുതിയ വ്യതിയാനം ആദ്യമായി കണ്ടെത്തുന്നത്. നിലവില്‍ പതിനേഴോളം വ്യതിയാനങ്ങളുണ്ടെങ്കിലും പ്രധാനമായും സ്‌പൈക് പ്രോട്ടീനില്‍ സംഭവിച്ച വ്യതിയാനമാണ് ശ്രദ്ധിക്കേണ്ടത്. കുന്തമുനയുടെ രൂപത്തിലുളള ഈ പ്രോട്ടീനിന്റെ പ്രധാന കേന്ദ്രത്തില്‍ വന്ന n501y എന്ന് വിളിക്കപ്പെടുന്ന പുതിയ വ്യതിയാനം വളരെ എളുപ്പത്തില്‍ മനുഷ്യരിലേക്ക് രോഗം കടക്കാന്‍ സഹായിക്കുന്നവയാകാം എന്നും ശാസ്ത്രലോകം സംശയിക്കുന്നു.

പ്രാഥമിക പഠനങ്ങളില്‍ 70 ശതമാനം വരെ വേഗത്തില്‍ പകര്‍ന്നു പിടിക്കാനാകുന്നവയാണ് ഇവ. എന്നാല്‍ പടര്‍ന്നു പിടിക്കാന്‍ കഴിവുണ്ടെങ്കിലും കൂടുതല്‍ അപകടകാരി ആകണമെന്നില്ല. സാധാരണ നോവല്‍ കൊറോണ വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമായ രോഗമുണ്ടാക്കാനാകില്ല എന്ന പക്ഷവും ഉണ്ട്. ലണ്ടന്‍ പോലെ തിരക്കു പിടിച്ച നഗരമായതു കൊണ്ടാവാം പുതിയ വൈറസ് കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതെന്നും ഒരുകൂട്ടം ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കോവിഡ് വാക്‌സിന്‍ സമാനമായ മറ്റ് വൈറല്‍ രോഗങ്ങളെയും പ്രതിരോധിക്കുന്നതായി തെളിഞ്ഞു. വൈറസിന്റെ മേലുളള പ്രോട്ടീനുകള്‍ക്കെതിരെ ആന്റിബോഡി നിര്‍മ്മിക്കാന്‍ ശരീരത്തെ പ്രേരിപ്പിച്ചുകൊണ്ടാണ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. വൈറസ് അതിന്റെ പ്രോട്ടീനില്‍ മാറ്റം വരുത്തിയാല്‍, ഒരുപക്ഷേ വാക്‌സിന്‍ കൊണ്ട് ഗുണമില്ലാതെ വരൂ. അതേസമയം ഫ്‌ളു വാക്‌സിന്‍ പെട്ടെന്ന് ജനിതക ഘടനമാറ്റാന്‍ കഴിയുന്നവയാണ്. ഇത്തരത്തില്‍ ജനിതകഘടന മാറ്റാനുളള കഴിവ് കൊറോണ വൈറസിനില്ല. അതിനാല്‍ നിലവിലെ വാക്‌സിന്‍ തന്നെയാണ് ഫലപ്രദം. പുതിയ വൈറസിനെ കണ്ടെത്താനും നിലവിലുളള ടെസ്റ്റുകള്‍ സാധിക്കും.

ഇനി വേണ്ടത് അല്‍പം ശ്രദ്ധയോടെ ചെയ്യേണ്ടവയാണ്. കൃത്യമായി മാസ്‌ക്, കൈയ്യുറ എന്നിവ ധരിക്കുന്നതിലൂടെയും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുന്നതിലൂടെയും പുതിയ വൈറസിനെ ഒരു പരിധി വരെ നിയന്ത്രിക്കാം. അതുപോലെ സാമൂഹിക അകലം പാലിക്കുകയും ആവാം. ആള്‍ക്കൂട്ടം, അടച്ചിട്ട മുറി ഇവ കഴിവതും ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കടപ്പാട്- ഇന്‍ഫോ ക്ലിനിക്ക്,ഫെയ്‌സ്ബുക്ക്