കൊയിലാണ്ടി മൈതാനത്ത് മാലിന്യങ്ങൾ തള്ളി; നടപടിയില്ല, സ്പോർട്സ് കൗൺസിൽ പണം പിരിക്കാൻ മാത്രം എത്തുന്നവരെന്ന് ആക്ഷേപം


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ കെട്ടിട അവശിഷ്ടങ്ങൾ തള്ളിയതിനെതിരെ പ്രതിഷേധമുയരുന്നു. കുട്ടികളും മുതിർനവരും ഉൾപ്പടെ നിരവധി പേർ കായിക പരിശീലനത്തിനെത്തുന്ന സ്ഥലമാണ് സ്റ്റേഡിയം ഗ്രൗണ്ട്.

വീട് പൊളിച്ച കോൺക്രീറ്റ് വേസ്റ്റും കമ്പികളും ഉൾപ്പടെ ഒരു ലോഡിലധികം മാലിന്യങ്ങൾ ഗ്രൗണ്ടിൽ തള്ളിയിട്ടുണ്ട്. കോഴിക്കോട് ജില്ല സ്പോട്സ് കൗൺസിലിന്റെ കൈവശമാണ് സ്റ്റേഡിയം ഉള്ളത്. രണ്ട് സെക്യൂരിറ്റി ജീവനക്കാരും സ്റ്റേഡിയത്തിനുണ്ട്.

മാലിന്യങ്ങൾ തള്ളിയവർക്കെതിരെ സ്പോട്സ് കൗൺസിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കായിക താരങ്ങളും, പരിശീലകരും പ്രതിഷേധിച്ചു. മുൻ കായിക അധ്യാപകൻ ജോതികുമാർ, എൻ.കെ.പ്രവീൺദാസ്, എം.കെ.വിപിൻ, എം.കെ.റഷിദ് എന്നിവർ സംസാരിച്ചു.

സ്പോട്സ് കൗൺസിൽ കൊയിലാണ്ടി മൈതാനം ഏറ്റെടുത്തതിന് ശേഷം സ്പോർട്സിനെക്കാൾ ഉപരി കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള വാടക പിരിച്ച് കൊണ്ടു പോകുകയല്ലാതെ കായിക താരങ്ങൾക്ക് വേണ്ട അടിസ്ഥാന കാര്യങ്ങൾ ഒന്നും ചെയ്യാറില്ലെന്ന് കായിക താരങ്ങൾ പറയുന്നു.