കൊയിലാണ്ടി നിയമസഭ ഇലക്ഷന്റെ പോസ്റ്റല്‍ ബാലറ്റ് പട്ടികയിൽ ഇരട്ട വോട്ടുകളും, ഗുരുതരമായ തെറ്റുകളുമെന്ന് ആരോപണം; യുഡിഎഫ് പരാതി നൽകി


കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭ മണ്ഡലത്തിലെ ഇലക്ഷൻ പോസ്റ്റൽ ബാലറ്റ് പട്ടികയിൽ ഇരട്ട വോട്ടുകളും, ഗുരുതരമായ തെറ്റുകളും ഉണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. ഇത് സംബന്ധിച്ച് യുഡിഎഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ.പി.ടി.ഉമേന്ദ്രൻ റിട്ടേണിംഗ് ഓഫീസർക്കും, ചീഫ് ഇലക്ഷൻ ഓഫീസർക്കും പരാതി നൽകി.

പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇരുന്നൂറിലധികം വോട്ടുകളുടെ ബൂത്ത് നമ്പർ, സീരിയൽ നമ്പർ എന്നിവ തെറ്റായാണ് നൽകിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

തോൽവി മുന്നിൽ കണ്ട് ഉദ്യോഗസ്ഥ സഹായത്തോടെ പോസ്റ്റൽ ബാലറ്റ് തിരിമറി നടത്താനാണ് എൽ.ഡി.എഫ് ശ്രമമെന്ന് യു.ഡി.എഫ് ആരോപിച്ചു. എത്രയും പെട്ടെന്ന് പോസ്റ്റൽ ബാലറ്റ് പട്ടികയിലെ തെറ്റുകൾ തിരുത്തണമെന്നും, ഇലക്ഷൻ്റെ സുതാര്യത ഉറപ്പ് വരുത്തണമെന്നും അഡ്വ.പി.ടി.ഉമേന്ദ്രൻ ആവശ്യപ്പെട്ടു.