കൊയിലാണ്ടി നഗരത്തില്‍ ദിവസവും ‘മോണിങ് വോക്കി’നെത്തുന്ന ആന; കൗതുകമായി ശ്രീദേവിയുടെ പ്രഭാതസവാരി (വീഡിയോ)


കൊയിലാണ്ടി: മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ കൗതുകകരമായ കുസൃതികളിലൂടെ ആനപ്രേമികള്‍ക്ക് ഹരമായി മാറിയ കൊയിലാണ്ടിയുടെ സ്വകാര്യ അഹങ്കാരമാണ് കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവി എന്ന പിടിയാന. കൊവിഡ് കാരണം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതിനെ തുടര്‍ന്ന് ശ്രീദേവിയുടെ കുറുമ്പുകളും ആനപ്രേമികള്‍ ‘മിസ്’ ചെയ്തിരുന്നു.

എന്നാല്‍ നെറ്റിപ്പട്ടവും ചമയങ്ങളുമൊന്നുമില്ലാതെയുള്ള ശ്രീദേവിയുടെ പ്രഭാതസവാരിയാണ് ഇപ്പോഴത്തെ കൗതുകക്കാഴ്ച. ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ശ്രീദേവി ‘മോണിംഗ് വോക്കി’ലേക്ക് തിരിഞ്ഞത്. ക്രമേണ അതൊരു ശീലമായയി. ഇപ്പോള്‍ ശ്രീദേവിക്ക് നടത്തം നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ കുസൃതി അല്പം കടുപ്പിക്കാനും അവള്‍ മറക്കില്ല.

ദിവസേന കൊയിലാണ്ടി നഗരത്തിലൂടെ ഉടമ ശ്രീലകത്ത് രസ് ജിത്തിനും പാപ്പാന്മാരോടുമൊപ്പം നഗരപ്രദക്ഷിണം കഴിഞ്ഞ് കൃത്യ സമയത്ത് കൊരയങ്ങാട് തെരുവിലെ തന്റെ താവളത്തില്‍ ശ്രീദേവി തിരിച്ചെത്തും. ഞായറാഴ്ച കനത്ത പ്രഭാത മഴയില്‍ കൂടുതല്‍ ഉന്മേഷവതിയായിട്ടായിരുന്നു അവളുടെ സവാരി.

ഉത്സവങ്ങളും മറ്റു ആഘോഷ പരിപാടികളും നിലച്ചതോടെ നിത്യേനയുള്ള പ്രഭാതസവാരി ശ്രീദേവിക്ക് അലസതക്കുള്ള മറുമരുന്നായി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്ര ഉത്സവങ്ങളിലും ഗജറാണി പട്ടം നേടിയ ശ്രീദേവിയെ എഴുന്നള്ളിക്കാറുണ്ട്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് കഴിഞ്ഞ വര്‍ഷവും ഏതാനും ക്ഷേത്രോത്സവങ്ങളില്‍ ശ്രീദേവിയുടെ സാന്നിധ്യം ഗജപ്രേമികള്‍ക്ക് സന്തോഷം പകര്‍ന്നിരുന്നു.

വീഡിയോ കാണാം: