കൊയിലാണ്ടി ചൂടി ‘ഒരു ബ്രാന്റായിരുന്നു’
കൊയിലാണ്ടി: കൊയിലാണ്ടി ചൂടിയുടെ പഴയ കാല പ്രൗഡി അസ്തമിക്കുന്നു. ആവശ്യത്തിന് ചകിരിനാര് കിട്ടാത്തതും, തൊഴിലാളികള്‍ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറി പോകുന്നതുമാണ് കയര്‍ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. സര്‍ക്കാര്‍ സബ്ബ്സിഡി കൊണ്ട് മാത്രം ഇനി അധിക നാള് കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയാത്ത അവസ്ഥയാണുളളത്.
ആധുനിക ഓട്ടോമാറ്റിക്ക് സ്പിനിംങ്ങ് മില്‍ (എ.എസ്.എം) ഉള്‍പ്പടെയുളള നൂതന സംവിധാനങ്ങള്‍ മിക്ക കയര്‍ സഹകരണ സംഘങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചകിരിനാര് വേണ്ടത്ര കിട്ടാത്തത് സംഘങ്ങളാകെ നേരിടുന്ന പ്രശ്നമാണ്. കയര്‍ഫെഡാണ് ചകിരിനാര് ഓരോ സംഘങ്ങള്‍ക്കും നല്‍കുന്നത്. പച്ചതൊണ്ട് സംഭരണം ഒരിടത്തും കാര്യക്ഷമമായി നടക്കുന്നില്ല.
തമിഴ്നാട്ടിലെ വന്‍കിട കയര്‍ ഫാക്ടറികളിലേക്കും വളം നിര്‍മ്മാണ ശാലകളിലേക്കും കൊണ്ടു പോകാന്‍ വേണ്ടി ഏജന്റുമാര്‍ നാട്ടിലുടനീളമെത്തി പച്ച തൊണ്ട് ശേഖരിച്ചു കൊണ്ടു പോകുന്നുണ്ട്. ഇവരൊടോപ്പം മല്‍സരിക്കാന്‍ നാട്ടിലെ കയര്‍ സഹകരണ സംഘങ്ങള്‍ക്കാവുന്നില്ല. ഇതു കാരണം തമിഴ്നാട്ടില്‍ നിന്ന് അധിക വിലയ്ക്ക് ചകിരിനാര് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയുമുണ്ട്.
കാസര്‍ഗോഡില്‍ നിന്ന് ചകിരി നാര് ഇറക്കുമതി ചെയ്താണ് ഇവിടെ ചൂടിപിരിക്കുന്നത്. മുമ്പൊക്കെ പുഴയില്‍ കുഴിയെടുത്ത് ചകിരി ഒരു വര്‍ഷത്തോളം പൂഴ്ത്തി പാകപ്പെടുത്തിയ ശേഷം തല്ലിയായിരുന്നു ചകിരി ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ ചകിരി പൂഴാത്താനോ തൊണ്ട് തല്ലാനോ തൊഴിലാളികളാരും ഇല്ല. അതിനാല്‍ ചകിരി തുമ്പ് ഇറക്കുമതി ചെയ്താണ് ചൂടി പിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ കൊയിലാണ്ടി ചൂടിയ്ക്ക് വിപണിയില്‍ വലിയ ഡിമാന്റായിരുന്നു. അങ്ങാടി വിലനിലവാരത്തില്‍ പോലും കൊയിലാണ്ടി ചൂടി എന്നായിരുന്നു രേഖപ്പെടുത്തുക. അണേല, കുറുവങ്ങാട്, ചേലിയ, ഒളളൂര്, കുന്നത്തറ, കാപ്പാട്, കീഴരിയൂര്‍ എന്നിവിടങ്ങളിലെ കയര്‍ സൊസൈറ്റികള്‍ പിരിക്കുന്ന ചൂടിയാണ് കൊയിലാണ്ടി ചൂടിയായി അറിയപ്പെടുന്നത്.
പച്ച തൊണ്ട് ആവശ്യത്തിന് കിട്ടാതെ വന്നതും, തൊഴിലാളികള്‍ മറ്റ് തൊഴിലിടങ്ങള്‍ നോക്കി പോയതിനാലും ചൂടി വിപണിയുടെ പ്രതാപം അസ്തമിച്ചു.
ഇപ്പോള്‍ സൊസൈറ്റികല്‍ ആധുനിക യന്ത്രവല്‍ക്കരണ സംവിധാനങ്ങളൊടെ പുനരുദ്ധരിച്ചതോടെയാണ് ഈ മേഖല ക്രമേണ അഭിവൃദ്ധിപ്പെടുന്നത്.
അണേലയിലെ അരിക്കുളം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ 75 തൊഴിലാളി സ്ത്രീകള്‍ പണിയെടുക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.പി.സുരേന്ദ്രന് പറഞ്ഞു. കൊയിലാണ്ടി ചൂടിയുടെ പഴയ കാല പ്രതാപം വീണ്ടെടുക്കാനുളള ശ്രമത്തിലാണ് സംഘം. വൈക്കം, ബേപ്പൂര്‍ എന്നീ ഇനങ്ങളില്‍പ്പെട്ട ചകിരിയാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇലക്ട്രിക്കല്‍ റാട്ടയിലും, കൈകൊണ്ട് പിരിച്ചുമാണ് ചൂടി നിര്‍മ്മിക്കുന്നത്. കൈകൊണ്ട് പിരിക്കുന്ന ചൂടിയാണ് ബേപ്പൂര്‍ ചൂടി. ഒരു കിലോ ബേപ്പൂര്‍ ചൂടി പിരിച്ചാല്‍ തൊഴിലാളിക്ക് 50 രൂപ കിട്ടും. വൈക്കം ചൂടിയ്ക്ക് 35 രൂപയാണ് കിട്ടുക. മൂന്ന് കിലോ മുതല്‍ ഏഴ് കിലോ ചൂടി വരെ പിരിക്കുന്ന തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ ആവശ്യത്തിന് ചകിരിനാര് ലഭിക്കാത്തത് കാരണം ഇവര്‍ക്ക് സ്ഥിരമായി പണിയുണ്ടാവില്ല.
അണേല കയര്‍ സൊസൈറ്റി പ്രതിവര്‍ഷം 185 കിന്റലോളം ചൂടി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 1977ലാണ് ഈ കയര്‍ സഹകരണ സംഘം ആരംഭിച്ചത്. അണേലയിലും മഞ്ഞളാട്ട് കുന്നിലുമായി ഒരു ഏക്രയോളം സ്ഥലം സൊസൈറ്റിയ്ക്കുണ്ട്. മഞ്ഞളാട്ട് കുന്നില്‍ പച്ചതൊണ്ട് അടിച്ച് ചകിരിയാക്കുന്ന യൂനിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പി.പി.സുരേന്ദ്രന് പ്രസിഡന്റും, സി.കെ.രൂപ സെക്രട്ടറിയുമായ സൊസൈറ്റിയില്‍ സി.ശങ്കരന് നമ്പ്യാര്‍, ഗിരിജ തെറ്റിക്കുന്ന്, കെ.ഷീബ, പ്രീതി നായ്ക്കനാരി, ഗൗരി പുതിയോട്ടില്‍,ദേവി പുതുക്കുടി എന്നിവര്‍ ഡയരക്ടര്‍മാരാണ്.
ജില്ലയില്‍ 65 കയര്‍ സഹകരണ സംഘങ്ങളിലായി പതിനായിരത്തോളം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കൂലി കുറവാണ് ചകിരി തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം. റാട്ടയില്‍ ഒരു സ്ത്രീ തൊഴിലാളി ഒരു ദിവസം ആറ് മുതല്‍ ഏഴ് കിലോ ചകിരിയാണ് ശരാശരി പിരിക്കുക. ഒരു കിലോ ചൂടി പിരിച്ചാല്‍ 35 രൂപയാണ് കൂലിയായി ലഭിക്കുക. പ്രതിദിനം 300 രൂപയോളമെ ഇവര്‍ക്ക് വരുമാനമുളളു. മറ്റൊരു പണിയും ഇല്ലാതെ വരുമ്പോഴാണ് സ്ത്രീകള്‍ ചൂടി പിരിക്കാന്‍ എത്തുക. തൊഴിലുറപ്പ് പണിയുണ്ടാകുമ്പോള്‍ ഇവര്‍ അതിന് പോകും.