കൊയിലാണ്ടി കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ മോഷണം; മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭണ്ഡാരത്തില് നിന്ന് പണം മോഷണം പോയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമദാസന് തൈക്കണ്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ക്ഷേത്രത്തിന്റെ നടപ്പന്തലിന്റെ മുന്‍വശത്തുള്ള ഭണ്ഡാരത്തില് നിന്നാണ് പണം മോഷ്ടിച്ചത്. മോഷ്ടാവ് ഭണ്ഡാരത്തില് നിന്ന് പണമെടുക്കുന്നതിന്റെയും ക്ഷേത്രത്തിന്റെ ഓഫീസിന് സമീപത്ത് പോയി തിരയുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു.
ഇന്ന് രാവിലെ ജീവനക്കാരാണ് ഭണ്ഡാരത്തില് കേടുപാടുകള്‍ ഉള്ളതായി ആദ്യം കണ്ടത്.തുടര്‍ന്ന് ജീവനക്കാര്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിച്ചു. ഭണ്ഡാരത്തിന്റെ താഴികക്കുടം തകര്‍ത്ത നിലയിലായിരുന്നുവെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.
ഇത് കണ്ടതിനെ തുടര്‍ന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തില്‍ എട്ടോളം സി.സി.ടി.വി ക്യാമറകളാണ് ഉള്ളത്. ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണം നടന്നുവെന്ന് ഉറപ്പായത്.
കറുത്ത പാന്റും ചാരനിറമുള്ള ഷര്‍ട്ടും ധരിച്ച താടിയുള്ള ഒരാളാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇയാള്‍ ഭണ്ഡാരം മറിച്ചിട്ട ശേഷമാണ് പണം മോഷ്ടിച്ചത്. ആയുധങ്ങളൊന്നുമില്ലാതെയാണ് ഇയാള്‍ എത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഭണ്ഡാരത്തിലെ പണം എടുത്തതിനാല്‍ കുറഞ്ഞ തുക മാത്രമേ മോഷണം പോയിട്ടുള്ളൂവെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമദാസന് തൈക്കണ്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതൊരു സ്ഥിരം മോഷ്ടാവ് ചെയ്തതാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
മോഷണത്തിനു ശേഷം മോഷ്ടാവ് ഓഫീസിന് സമീപമുള്ള മേശയ്ക്കടിയില്‍ നിന്ന് എടുത്ത ചന്ദനത്തിരിയും പത്ത് രൂപയും ക്ഷേത്രത്തിലെ കെടാവിളക്കിനടുത്ത് വച്ചിട്ടുണ്ട്. മാനസിക പ്രശ്നമുള്ളയാളോ ലഹരിക്ക് അടിമപ്പെട്ടയാളോ ആകാം ഇത് ചെയ്തതെന്നും രാമദാസന് സംശയം പ്രകടിപ്പിച്ചു.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ആളോട് രൂപസാദൃശ്യമുള്ള വ്യക്തിയെ കൊയിലാണ്ടി പരിസരങ്ങളില്‍ കണ്ടതായി വിവരം ഉണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം: