കൊയിലാണ്ടി എസ്എൻഡിപി കോളേജിന് നാക് അക്രഡിറ്റേഷൻ


കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളജിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. ബി ഡബിള്‍ പ്ലസ് പദവിയാണ് ലഭിച്ചത്. 2019 ഡിസംബറിലാണ് നാക് അക്രഡിറ്റേഷനയുള്ള സ്റ്റഡി റിപ്പോര്‍ട്ട് കോളജ് നാക്കിന് സമര്‍പിച്ചത്.

തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.അരവിന്ദര്‍ സിംഗ് ചൗളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ നാക് പിയര്‍ ടീം മാര്‍ച്ച് 1,2 തിയ്യതികളില്‍ കോളേജില്‍ സന്ദര്‍ശനം നടത്തി പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു. അക്കാദമിക്ക് രംഗത്ത് കോളജ് എന്നും മുന്‍ നിരയില്‍ ആയിരുന്നു. വിവിധ വിഷയങ്ങളില്‍ റാങ്ക് ഉള്‍പ്പെടെ മികച്ച വിജയം കൈവരിക്കാന്‍ ഈ കാലയളവില്‍ കോളജിന് കഴിഞ്ഞിട്ടുണ്ട്.

ബി-സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളിലും കോളേജ് മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. 1995ല്‍ മൂന്നു ഡിഗ്രി കോഴ്സകളുമായി ആരംഭിച്ച കോളജില്‍ ആറ് ഡിഗ്രി കോഴ്സുകളും ഒരു പിജി കോഴ്‌സുമാണുള്ളത്. ഈ വര്‍ഷം ഒരു പിജി (എംകോം) കൂടി കോളജിന് അനുവദിച്ചിട്ടുണ്ട്.

നാക് അക്രഡിറ്റേഷന്‍ ലഭിച്ചതോടെ കോളജില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കാനും റിസര്‍ച്ച് സെന്റര്‍ ആയി ഉയര്‍ത്താനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നു പ്രിന്‍സിപ്പള്‍ ഡോ.ജെ.എസ്.അമ്പിളി അറിയിച്ചു.