കൊയിലാണ്ടി ഉറപ്പാണെന്ന് ഇടത് മുന്നണി, കൊയിലാണ്ടിയിൽ മാറ്റമുണ്ടാകുമെന്നും സുബ്രഹ്മണ്യൻ ജയിക്കുമെന്നും യുഡിഎഫ്; ഫലപ്രഖ്യാപനത്തിൽ കണ്ണുനട്ട് പാർട്ടികൾ
കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് മൂന്ന് നാളുകള്‍ മാത്രം അവശേഷിച്ചിരിക്കെ, കൊയിലാണ്ടി മണ്ഡലത്തില്‍ വിജയമുറപ്പിച്ചു എൽ.ഡി.എഫും, യു.ഡി.എഫും. കഴിഞ്ഞ 15 വര്‍ഷമായി വിജയിച്ച കൊയിലാണ്ടിയില്‍ ഇത്തവണയും അട്ടിമറി സാധ്യതയില്ലെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമില്ലെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയം സുനിശ്ചിതമാണെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കീഴ് ഘടകങ്ങളില്‍ നിന്നും ബൂത്ത് തലത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കെടുത്താണ് സി.പി.എം വിജയ പ്രതീക്ഷയില്‍ എത്തിയത്.
എന്നാല്‍ ഇത്തവണ കൊയിലാണ്ടിയില്‍ വിജയിക്കുമെന്ന വലിയ ആത്മ വിശ്വാസത്തിലാണ് യൂ.ഡി.എഫ് നേതൃത്വം. അയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്‍ വിജയിക്കുമെന്നാണ് യൂ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തിയത്. കടലോര മേഖലയില്‍ നിന്നുള്‍പ്പടെ മികച്ച പിന്തുണയാണ് ഇത്തവണ യൂ.ഡി.എഫിന് ലഭിച്ചത്. കൂടാതെ യൂ.ഡി.എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇത്തവണ ദൃശ്യമായ ഐക്യവും കെട്ടുറപ്പും വിജയം സുനിശ്ചിതമാക്കിയാതായി യൂ.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു.
വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് എന്‍.ഡി.എ നേതൃത്വം അവകാശപ്പെടുന്നത്. കഴിഞ്ഞ പ്രാവശ്യം 22,080 വോട്ടാണ് ബീ.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന്‍ കുറെ കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതായാണ് ബി.ജെ.പി വിലയിരുത്തല്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ 24,500 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനാറായിരത്തിനടുത്ത് വോട്ടെ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13,369 വോട്ടിനാണ് എല്‍.ഡി.എഫിലെ കെ.ദാസന്‍ യൂ.ഡി.എഫിലെ എന്‍.സുബ്രഹ്മണ്യനെ തോല്‍പ്പിച്ചത്. 70593 വോട്ട് കെ.ദാസനും, 57224 വോട്ട് എന്‍.സുബ്രഹ്മണ്യനും 22,080 വോട്ട് ബി.ജെ.പിയിലെ കെ,രജനീഷ് ബാബുവിനും ലഭിച്ചു.