കൊയിലാണ്ടിയിൽ വീണ്ടും പിടിച്ചുപറി; യുവാവിനെ കൊള്ളയടിച്ചു, സംഘത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർ


സ്വന്തം ലേഖകൻ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ ഞെട്ടിച്ച് വീണ്ടും പിടിച്ചുപറി. ചൊവ്വാഴ്ച രാത്രി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കാല്‍നടയാത്രക്കാരനെ തള്ളി വീഴ്ത്തി നാലായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. ഒരു യുവതിയടക്കം മൂന്ന് പേരടങ്ങുന്ന സംഘമാണ് പിടിച്ചു പറി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന എന്‍.കെ.സന്തോഷിന്റെ പണമാണ് നഷ്ടപ്പെട്ടത്. രാത്രി ഒന്‍പത് മണിയോടെ ഒരു വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന സന്തോഷിനോട് ബൈക്കിലെത്തിയവര്‍ ബസ്സ്റ്റാന്റിലേക്കുളള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ നെഞ്ചത്ത് ഇടിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു. നിലത്തു വീണു സന്തോഷ് പിടഞ്ഞെഴുന്നേറ്റ് ബൈക്കിലുളളവരെ പിടികൂടാന്‍ ശ്രമിച്ചങ്കെിലും വീണ്ടും തളളിമാറ്റി
ബസ്സ്റ്റാന്റ് ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോകുകയായിരുന്നു.

വിവരമറിഞ്ഞു കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിസരമാകെ തിരഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് കൊയിലാണ്ടി സിൻഡിക്കേറ്റ് ബാങ്ക് എ.ടി.എം കൗണ്ടറിന് മുമ്പിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു പരിക്കേല്‍പ്പിച്ചു പണവുമായി മുങ്ങിയ സംഭവവും ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ഒരു യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെരുവ് വിളക്കുകള്‍ മിക്കതും പ്രകാശിക്കുന്നില്ല. ഇത് പിടിച്ചുപറിക്കാർക്ക് സഹായകരമാവുന്നുണ്ട്.