കൊയിലാണ്ടിയില്‍ വീട് നിര്‍മിക്കാന്‍ തുക ലഭിച്ചിട്ടും നിര്‍മിക്കാന്‍ കഴിയാതെ 35 കുടുംബങ്ങള്‍; ഡാറ്റാബാങ്ക് തടസമെന്ന് ആരോപണം
കൊയിലാണ്ടി: ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടും സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടു പോയതിന്റെ പേരില്‍ വീട് നിര്‍മ്മിക്കാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍. 35 കുടുംബങ്ങളാണ് കൊയിലാണ്ടി നഗരസഭയില്‍ മാത്രമുള്ളത്.
തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടു പോയതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വീടുകള്‍ പുതുക്കി പണിയാന്‍ പോലും കഴിയാതെ സാധാരണക്കാര്‍. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഒട്ടനവധി പേര്‍ക്കാണ് വീട് നിര്‍മ്മിക്കാന്‍ അധികൃതര്‍ തടസ്സം സൃഷിട്ടിക്കുന്നത്.
തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സംരക്ഷിക്കാന്‍ 2008ലാണ് ഡാറ്റാബാങ്ക് ഉണ്ടാക്കിയത്. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടു പോയിട്ടുണ്ടെങ്കില്‍ വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ നഗരസഭാധികൃതരും പഞ്ചായത്തും മടിക്കും. ഇടിഞ്ഞു വീഴാറായ വീടുകളില്‍ ജീവന്‍ പണയംവെച്ചാണ് ഇവര്‍ അന്തിയുറങ്ങുന്നത്.
കൊയിലാണ്ടിയിലെ കുടുംബങ്ങളുടെ പ്രശ്‌നപരിഹാരത്തിന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖാന്തരം നഗരസഭ പ്രശ്‌നം അനുഭവിക്കുന്നവരുടെ വിവരം ഉടന്‍ തന്നെ ശേഖരിക്കുമെന്നും. ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ വടകര ആര്‍.ഡി.ഒയ്ക്ക് കൂട്ടായ അപേക്ഷ നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സാങ്കേതിക നൂലാമാലകള്‍ അഴിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും കെ.ഷിജു (കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍) പറഞ്ഞു.