കൊയിലാണ്ടിയില്‍ കോവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു; മാതൃകയായി ജനപ്രതിനിധിയും അധ്യാപകനും


കൊയിലാണ്ടി: കോവിഡ് ബാധിതനായ ആളുടെ മൃതശരീരം മറവുചെയ്യാന്‍ ജനപ്രതിനിധിയും അധ്യാപകനുമടങ്ങുന്ന സംഘം മുന്നിട്ടിറങ്ങി. അരിക്കുളം പഞ്ചായത്തില്‍ മൂന്നാം വാര്‍ഡിലാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്. മരണപ്പെട്ട പൈക്കാട്ട് ചാലില്‍ കുഞ്ഞിരാമന്‍ നായരുടെ സംസ്‌ക്കാരചടങ്ങിനാണ് സംഘം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ കെ.അഭിനീഷ്, കെ.എസ്.ടി.എ അരിക്കുളം ബ്രാഞ്ച് സെക്രട്ടറി പിയൂഷ് പി, സിപിഎം എക്കാട്ടൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.സുധീഷ്, ഡിവൈഎഫ്ഐ എക്കാട്ടുര്‍ വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് വി.കെ.ഷൈജു എന്നിവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മഹാമാരിയുടെ വ്യാപനവും മരണവും ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, പ്രതിരോധത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തനത്തിലേക്ക് സജ്ജരായ കൂടുതല്‍ ആളുകള്‍ വരണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.