കൊയിലാണ്ടിക്കടുത്ത് നന്തിയിൽ വൻ തീപ്പിടുത്തം; തേങ്ങാക്കൂട കത്തി നശിച്ച് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം


കൊയിലാണ്ടി: നന്തിയിൽ വൻ തീപ്പിടുത്തം. 30000 ഓളം തേങ്ങയുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. മൂടാടി സ്വദേശി ബാബു കുട്ടമ്പത്തിന്റെ തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. 30 അടി നീളവും 10 അടി വീതിയും 20 അടി ഉയരവുമുള്ള തേങ്ങ കൂടയ്ക്കാണ് തീപ്പിടിച്ചത്. മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ തീ ആളി പടരുകയാണ് .ഉടൻതന്നെ സേന വെള്ളം ഉപയോഗിച്ച് തീ കെടുത്തി. കത്താത്ത തേങ്ങ ഉടൻതന്നെ അഗ്നിരക്ഷാസേന പുറത്തേക്ക് മാറ്റി.

ധാരാളം തേങ്ങ കത്തി നശിച്ചതായി അഗ്നി ശമന സേന കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. തേങ്ങ ഉണക്കാനായി പുക ഇട്ടിരുന്നു, ഇതിലൂടെ തീ പിടുത്തമുണ്ടായതെന്നാണ് അനുമാനം.

സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ പ്രമോദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആയ മജീദ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ ഷിജു,വിഷ്ണു, ബബീഷ്, സാനോഫർ, ഹരീഷ്, സനൽ കുമാർ, സജിത്ത് ഹോംഗാർഡ്മാരായ സോമകുമാർ, രാജേഷ് എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.