കൈതോലച്ചെടികൾ അന്നം കൂടിയാണ്, വെട്ടി നശിപ്പിക്കരുത്
കൊയിലാണ്ടി: കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി സമുദായക്കാരുടെ പാരമ്പര്യതൊഴിലായ കൈതോല പായ നിര്‍മ്മാണം അനുദിനം അന്യം നിന്നു പോകുകയാണ്. പായ നിര്‍മ്മാണത്തിന് ആവശ്യമായ കൈതോല കിട്ടാത്തതും അദ്ധ്വാനത്തിന് അനുപാതമായ വില വിപണിയില്‍ ലഭിക്കാത്തതും കാരണം പുതിയ തലമുറ ഈ തൊഴില്‍ രംഗത്തേക്ക് കടന്നു വരുന്നില്ല.
ആറ്റിറമ്പിലും, പാടവരമ്പത്തും, ചതുപ്പു നിലങ്ങളോട് ചേര്‍ന്ന് പുറമ്പോക്കുകളിലും സമൃദ്ധമായി വളര്‍ന്നിരുന്ന കൈതക്കാടുകള്‍, തോട് നവീകരണത്തിനും, പാടവരമ്പുകള്‍ പരുനര് നിര്‍മ്മിക്കാനുമായി യഥേഷ്ടം വെട്ടി മാറ്റുകയാണ്. അടുത്ത കാലത്ത് തുറയൂര്‍ കുലുപ്പചാല്, ചിറ്റടി തോട് നവീകരണത്തിന് വ്യാപകമായിട്ടാണ് കൈതച്ചെടികള്‍ മണ്ണു മാന്തിയന്ത്രമുപയോഗിച്ച് പിഴുതു മാറ്റിയത്. പലസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയോട് ചേര്‍ന്നുളള കൈതച്ചെടികളും വെട്ടിനശിപ്പിക്കുന്നുണ്ട്.
കൈതച്ചെടികള്‍ തോടുകളിലൂടെ ഒഴുകുന്ന വെളളത്തെ ശുദ്ധീകരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയാണ് കൈതോലക്കാടുകള്‍. ഒരുപാട് ജല ജന്യ ജീവികളുടെ ആവാസ വ്യവസ്ഥ കൂടിയാണിത്. പഴയ തലമുറ ഇരുപത് കിലോമീറ്ററോളം ദൂരമുള്ള അയനിക്കാട് വരെ പോയിട്ട് കൈതോല കൊണ്ടുവരുമായിരുന്നുവെന്ന് കീഴരിയൂര്‍ മണ്ണാടിമ്മലിലെ പായ നിര്‍മ്മാണ തൊഴിലാളി നാരായണി പറഞ്ഞു.
കൈതോല അരിയാനും, തീര്‍ത്ത പായ ചന്തയില്‍ കൊണ്ടു പോയി വില്പന നടത്താനും പ്രത്യേക ദിവസങ്ങള്‍ തന്നെ ഉണ്ടായിരുന്നു. പയ്യോളി അങ്ങാടി (തുറയൂര്‍), വടകര, പേരാമ്പ്ര എന്നിവിടങ്ങളിലെ ആഴ്ച ചന്തകളിലാണ് പായ വില്‍ക്കുക. ഉല്‍സവ പറമ്പുകളിലും ധാരാളമായി വില്‍ക്കുമായിരുന്നു. ചന്തയില്‍ പായ വാങ്ങാന്‍ നിരവധി പേരെത്തുമായിരുന്നു.350-400 രൂപ പായയ്ക്ക് ഇപ്പോള്‍ വിലയുണ്ട്.
പ്ലാസ്റ്റിക് പായ വന്നപ്പോഴാണ് ചന്ത പായയുടെ ഡിമാന്റ് കുറഞ്ഞത്. കൊറോണ കാരണം വടകരയിലും, പയ്യോളി അങ്ങാടിയിലും ചന്തയ്ക്ക് നിയന്ത്രണം വന്നതോടെ പായയുടെ വില്‍പ്പന കുറഞ്ഞു. ഇതോടെ ചന്ത പായയുടെ നിര്‍മ്മാണവും നിലച്ചമട്ടാണ്. ഇപ്പോള്‍ വലിയ കണ്ണിയില്‍ തീര്‍ത്ത കണ്ടംപായ എന്നറിയപ്പെടുന്ന പായയാണ് തീര്‍ക്കുന്നത്. ഈ പായ ഏജന്റ്മാര്‍ ഇവരോട് വീട്ടില്‍ വന്ന് വാങ്ങും. ഒരു പായയ്ക്ക് നൂറ്റി ഇരുപത് രൂപ കിട്ടും.
കണ്ടംപായ അന്യസംസ്ഥാത്തേക്കാണ് കയറ്റി അയക്കുന്നത്. പുകയിലയും ശര്‍ക്കരയുമെല്ലാം പൊതിയാന്‍ ഇത്തരം പായകള്‍ ഉപയോഗിക്കും. ജില്ലയില്‍ പയ്യോളി, കീഴരിയൂര്‍, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, ചങ്ങരോത്ത്, ചക്കിട്ടപ്പാറ, ഫറോക്ക്, തിക്കോടി, മണയൂര്‍ എന്നിവിടങ്ങളിലൊക്കെ നൂറ് കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും തഴപ്പാഴ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. തുറയൂര്‍ പഞ്ചായത്തില്‍ ഈ തൊഴില്‍ മേഖലയെ ആശ്രയിച്ച് എഴുപതോളം കുടുംബങ്ങളുണ്ട്.
കൈതോല കൊണ്ട് കൊട്ട, ബേഗ്, മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവയും ഉണ്ടാക്കാം. പൊളളുന്ന വേനലില്‍ കൈതോല സംഭരിക്കാന്‍ അരിവാളും കത്തിയുമായിട്ടാണ് തൊഴിലാളികളുടെ യാത്ര. കൈതോല വെട്ടുന്നതിന് പ്രത്യേക കൈത്തഴക്കം വേണം. നടുക്കുളള മുളളുകള്‍മാറ്റി ഒരാഴ്ച ഉണക്കിയ ശേഷം വട്ടത്തില്‍ ചുറ്റിവെക്കും പിന്നീട് ആവശ്യ സമയത്ത് ഉപയോഗിക്കും.