കേരളത്തിൽ ലോക്കോ അൺലോക്കോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം


തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍.

നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ് സോണുകള്‍ കേന്ദ്രീകരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.

രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ പരിഗണിക്കും.

എന്നാല്‍ ഓണക്കാലവും, നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതല്‍ ഇളവുകള്‍ക്ക് തന്നെയാണ് സാധ്യത. ഒരുവശത്ത് മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകള്‍ മറുവശത്ത് ലോക്ക്ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും മുഴുവന്‍ തുറന്നിടരുതെന്ന കേന്ദ്ര നിര്‍ദ്ദേശവും, വലിയ സമ്മര്‍ദ്ദത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക്ഡൗണ്‍ രീതി എന്തായാലും കേരളം മാറ്റും. വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദര്‍ശിച്ച കേന്ദ്രസംഘവും ഊന്നല്‍ നല്‍കിയത്.

ഇതിനിടെ അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. ബുധനാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനം അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഈ മാസം ഒമ്ബതാം തിയതി മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കും. പ്രശ്‍ന പരിഹാരം കാണാന്‍ സര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും സമിതി സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ പറഞ്ഞു.