കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ടൈംസ് നൗ സർവ്വേ, 86 സീറ്റ് വരെ ലഭിക്കും; ബിജെപിയുടെ വോട്ട് ശതമാനം കുറയും


തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ടൈംസ് നൗ-സീവോട്ടര്‍ അഭിപ്രായസര്‍വ്വേ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 89 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്ന് സര്‍വ്വേയില്‍ പറയുന്നു.

ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് കുറയുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2016ല്‍ 43.5 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ശതമാനവും കുറയും. 2016ലെ 38.8 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായിട്ടാണ് കുറയുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ 42.34 ശതമാനം ജനങ്ങളും സംതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യ പേരും പിണറായി വിജയന്റേതെന്ന് സര്‍വ്വേ വ്യക്തമാക്കി. 36.36 ശതമാനം പേര്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെ സംതൃപ്തരാണെന്ന് പ്രതികരിച്ചു. സംതൃപ്തി പ്രകടിപ്പിച്ചവര്‍ 39.66 ശതമാനമാണ്.

ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചുകൊണ്ട് നേരത്തെയും സര്‍വ്വേകള്‍ പുറത്തുവന്നിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 91 മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നാണ് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. 140 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് കേവല ഭൂരിപക്ഷമായ 71ന് അടുത്തെത്താന്‍ കഴിഞ്ഞേക്കില്ല. ഏറ്റവും കുറഞ്ഞത് 47 സീറ്റില്‍ ജയിച്ചേക്കാവുന്ന ഐക്യ ജനാധിപത്യ മുന്നണി പരമാവധി നേടാന്‍ പോകുന്നത് 55 സീറ്റുകളാണെന്നും എബിപി സര്‍വ്വേ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ രണ്ട് സീറ്റുകള്‍ക്ക് അപ്പുറം പോകില്ലെന്നും ഒരു സീറ്റില്‍ പോലും ജയിക്കാത്ത സ്ഥിതി ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.

ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ, ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേകളും എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചു. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഐക്യജനാധിപത്യമുന്നണിയ്ക്ക് 59 മുതല്‍ 65 മണ്ഡലങ്ങളില്‍ വരെ ജയിക്കാനുള്ള സാധ്യതയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎ കുറഞ്ഞത് മൂന്ന് സീറ്റ് നേടുമെന്നും ഏഴ് സീറ്റുകളില്‍ വരെ ജയിച്ചേക്കാമെന്നും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പറയുന്നു.

എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്.