കേരളത്തില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളെ വര്‍ധനവ് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ ശക്തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി. ജാഗ്രതയോടെ രോഗത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാമെന്ന് ആദ്യഘട്ടത്തില്‍ നാം തെളിയിച്ചതാണ്. 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗം ബാധിച്ചത്. രണ്ടാംഘട്ട വ്യാപന വേളയില്‍ ശക്തമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ ഓക്സിജന്‍ ദൗര്‍ലഭ്യം ഇല്ലെന്നും ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ തൃപ്തികരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ സമഗ്രവും സുസജ്ജവുമായ സംവിധാനങ്ങള്‍ ഇതിനോടകം തയാറാണ്. വരും ദിവസങ്ങളില്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രഷ് ദ് കര്‍വ് സ്ട്രാറ്റജിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കുന്നത്. സ്വയം സുരക്ഷാ കവചം ഒരുക്കുക എന്നതാണ് അടിസ്ഥാനം. കൂട്ടം ചേരല്‍, അടുത്തിടപഴകല്‍, അടച്ചിട്ട ഇടങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി മാധ്യമങ്ങളോട്‌