കേരളത്തിന്റെ കാറ്റ് ഇടത്തേക്കോ, വലത്തേക്കോ, വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയും.തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

രാവിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.

48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

തപാല്‍ വോട്ടുകളുടെ ആധിക്യം ഫലം വൈകിക്കുമോ എന്ന ആശങ്കയുണ്ട്. 584238 തപാല്‍ വോട്ടുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിഞ്ഞ ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ അവസാന രണ്ടു റൗണ്ട് വോട്ടെണ്ണുക. അതിനു ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പരിശോധിക്കും. ഇവിഎമ്മിലേയും വിവി പാറ്റിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടാകും കണക്കാക്കുക.