കേരളക്കരയിൽ ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം, ആദ്യദിനം 18 ചിത്രങ്ങൾ


തിരുവന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ തിരുവനന്തപുരത്ത് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മികച്ച സിനിമകളാണ് ആസ്വാദകരെ കാത്തിരിക്കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി ഉറപ്പ് നല്‍കുന്നു.

രാജ്യാതിര്‍ത്തികള്‍ അടഞ്ഞ, ലോക്ക്ഡൗണുകളില്‍ ജീവിതം തകര്‍ന്ന മഹാമാരിക്കാലത്തെ മേളയില്‍, ആദ്യദിനം അതിരുകള്‍ ഭേദിച്ച വെളിച്ചമായി ലോകം കേരള മേളയുടെ സ്‌ക്രീനില്‍ നിറയും. ലോക സിനിമയില്‍ നിന്ന് ആദ്യദിനം 9 ചിത്രങ്ങളുണ്ടാകും. ഇനിയുള്ള 5 ദിനം 6 തിയേറ്ററുകള്‍ക്കുള്ളില്‍ സ്വയമടച്ച് സിനിമാപ്രേമികള്‍ പുറംകാഴ്ച്ചകളോട് സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിക്കും.

ബോസ്‌നിയന്‍ വംശഹത്യയുടെ കഥ പറയുന്ന ക്വവാഡിസ് ഐഡയിലാണ് മേളയുടെ തുടക്കം. രണ്ട് മലയാള ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ നിന്ന് ഒന്നും ഉണ്ടാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവ് ഗൊദാര്‍ദിന്റെ ചിത്രം ബ്രത്‌ലസ്സും ആദ്യദിനത്തിലുണ്ട്. മുപ്പതില്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്.

ഭാഷാ, ദേശഭേദം മറന്ന് മലയാളിക്ക് പ്രയങ്കരനായിരുന്ന, കൊവിഡിന് കീഴടങ്ങിയ കിം കിഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ ചിത്രവും മേളയിലുണ്ട്. വിദേശ അതിഥികളും കാണാന്‍ കാത്തിരുന്ന പ്രതിഭകളും എത്തില്ലെങ്കിലും കൊവിഡ് കാരണം കേരളത്തില്‍ കുടുങ്ങിപ്പോയ റഷ്യക്കാരി എലീനയെപ്പോലെ ചുരുക്കം ചിലര്‍ മേളയ്ക്കായി കാത്തിരിക്കുകയാണ്. ഒരു വര്‍ഷമായി കേരളത്തില്‍ തുടരുന്ന എലീനയുടെ രണ്ടാം മേളയാണിത്. ലിജോ ജോസിന്റെ ചുരുളിയും ജയരാജിന്റെ ഹാസ്യവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ചുരുളിയുടെ ആദ്യ പ്രദര്‍ശനമാണ്.

കേരളമേളയില്‍ സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രം നടത്തുന്നതിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്‌കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേകം മേളകള്‍ നടക്കും.

പങ്കെടുക്കുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളില്‍ത്തന്നെ ആളുകള്‍ പ്രവേശനം നേടണം. മേളയില്‍ വിദേശപ്രതിനിധികള്‍ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓണ്‍ലൈന്‍ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്റററില്‍ പ്രദര്‍ശിപ്പിക്കുക.

ഓരോ ഷോയ്ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. 1500 പേര്‍ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മാത്രമേ പ്രവേശനം നടത്തൂ. ഒരു തിയറ്ററില്‍ 200 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ് നടക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക