കേന്ദ്രസർക്കാരിൻ്റെ ഫോൺ ചോർത്തൽ നടപടി അതീവ ഗൗരവതരം- ഡിവൈഎഫ്ഐ


പേരാമ്പ്ര: സുപ്രീം കോടതി ജഡ്ജിമാരുൾപ്പെടെ ഉള്ളവരുടെ ഫോൺ വിവരം കേന്ദ്രസർക്കാർ ചോർത്തിയത് അതീവ ഗൗരവകരമാണെന്ന് ഡിവൈഎഫ്ഐ. ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗസസിന്റെ സഹായത്തോടെയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത്. ഇതിനെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്രയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ നടപടി അതീവ ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രജിത്ത് എസ്.യു, അഭിരാം എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രീയ എതിരാളികൾ, ആക്ടിവിസ്റ്റുകൾ, സുപ്രീം കോടതി ജഡ്ജി, നാൽപ്പതിലേറെ മാധ്യമപ്രവർത്തകർ, സുരക്ഷാ മേധാവികളും മുൻ മേധാവികളും, വ്യവസായികൾ, ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോ​ഗസ്ഥർ തുടങ്ങിയവരുടെ ഫോൺ വിവരമാണ് ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോ​ഗിച്ച് ചോർത്തിയത്.