കെ.പി.അനിൽകുമാറും എൻ.സുബ്രഹ്മണ്യനും രംഗത്ത്; കാനത്തിൽ ജമീലയെ നേരിടാനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ നാളെ അറിയാം


കൊയിലാണ്ടി: കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങാനിരിക്കെ ആകാംഷയോടെ കാത്തിരിക്കുകയാണ് കൊയിലാണ്ടിയിലെ യുഡിഎഫ് പ്രവർത്തകർ. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പട്ടിക പ്രഖ്യാപിക്കും എന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. അവസാന നിമിഷത്തിലേക്ക് എത്തുമ്പോൾ എൻ. സുബ്രഹ്മണ്യൻ,കെ.പി.അനിൽകുമാർ എന്നിവരിലൊരാൾ സ്ഥാനാർത്ഥിയാകും എന്നാണ് സൂചന.

കഴിഞ്ഞ തവണ മത്സരിച്ച എൻ. സുബ്രഹ്മണ്യൻ ഇതിനോടകം തന്നെ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. കോൺഗ്രസ് പരിപാടികളിലും പ്രാദേശിക ചടങ്ങുകളിലും അദ്ധേഹത്തിന്റെ സാനിധ്യമുണ്ട്. കഴിഞ്ഞ തവണ 13,369 വോട്ടിനാണ് സുബ്രഹ്മണ്യൻ കെ.ദാസനോട് പരാജയപ്പെട്ടത്. ഐ ഗ്രൂപ്പിന്റെ സീറ്റ് എന്ന നിലയിൽ സുബ്രഹ്മണ്യൻ സീറ്റ് ഉറപ്പിച്ചു എന്നാണ് അദ്ധേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.

അവസാന നിമിഷത്തിലാണ് കെ.പി.അനിൽകുമാറിന്റെ പേര് സാധ്യതാ പട്ടികയിൽ മുന്നിലേക്ക് കയറിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ കെ.പി.അനിൽകുമാർ 2011 ലെ തെരഞ്ഞെടുപ്പിൽ ചെറിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. മണ്ഡലത്തിലുടനീളം പ്രവർത്തകരുമായുള്ള ബന്ധം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും എന്നാണ് അനിൽക്കുമാറിനോട് അടുപ്പമുള്ളവർ പറയുന്നത്.

ഡിസിസി പ്രസിഡണ്ടും നാട്ടുകാരനുമായ യു.രാജീവന്റെ പേരും, മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ആദ്യഘട്ടത്തിൽ സജീവമായുണ്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല പ്രചരണ രംഗത്തിറങ്ങിക്കഴിഞ്ഞു.