കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം


കുറ്റ്യാടി: തീക്കുനി കാരേക്കുന്നിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുല്‍ ജാബിര്‍ കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. എതിര്‍ ദിശയിലെത്തിയ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റഹീസും ജാബിറും ഒരു ബൈക്കിലും ജെറിന്‍ മറ്റൊരു ബൈക്കിലുമാണ് വന്നതെന്ന് കരുതുന്നു. കാരേക്കുന്ന് പള്ളിക്കടുത്ത് വച്ചായിരുന്നു അപകടം.

അമിത വേഗതയും മഴയും അപകടകാരണമായി എന്നാണ് വിലയിരുത്തല്‍. യുവാക്കളുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരില്‍ ചിലര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മറ്റ് ധരിച്ചിരുന്നവര്‍ തല മുഴുവന്‍ മൂടുന്ന നിലയില്‍ അല്ലായിരുന്നു എന്നുതുമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് എന്നാണ് വിലയിരുത്തല്‍. പരിക്കേറ്റവരെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല.

യുവാക്കളില്‍ ഒരാളുടെ മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലും മറ്റൊരാളുടേത് വടകര സഹകരണ ആശുപത്രിയിലുമാണുള്ളത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൂന്നമാത്തെയാളുടെ മൃതദേഹം.