കുടുംബ വഴക്ക് മുറുകി; ഭാര്യാ സഹോദരന് നേരെ തോക്ക് ചൂണ്ടി യുവാവ്, നാദാപുരം സ്വദേശി ഹാഫിസിനെ പോലീസ് അറസ്റ്റ് ചെയ്തു


നാദാപുരം: കുടുംബ വഴക്കിനിടെ ഭാര്യാ സഹോദരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. തോക്ക് കസ്റ്റഡിയില്‍. വാണിമേല്‍ കോടിയൂറയിലെ പൂവുള്ളതില്‍ ഹാഫിസിൻ്റെ വീട്ടില്‍ നിന്നാണ് വളയം എസ്എച്ച്ഒ ജീവന്‍ ജോര്‍ജും സംഘവും പശ്ചിമ ജര്‍മ്മനിയുടെ ‘0.8 മോഡല്‍ പിസ്റ്റള്‍’ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഹാഫിസും ഭാര്യയും തമ്മില്‍ കോടിയൂറയിലെ വീട്ടില്‍ വഴക്ക് നടക്കുന്നത്. തുടര്‍ന്ന് ഹാഫിസിൻ്റെ ഭാര്യ സഹോദരന്‍ കക്കട്ട് സ്വദേശി ആലയുള്ളപറമ്പത്ത് അനസിനെ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അനസിനെ ഹാഫിസ് മര്‍ദിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. മര്‍ദനമേറ്റെന്ന അനസിൻ്റെ പരാതിയില്‍ വളയം പോലീസ് കേസെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഞായറാഴ്ച്ച രാവിലെ വളയം എസ്എച്ച്ഒ ജീവന്‍ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ ഹാഫിസിൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ പോര്‍ച്ചില്‍ സ്യൂട്ട് കേസില്‍ പഴ്‌സിലാക്കി സൂക്ഷിച്ച നിലയില്‍ ഉപയോഗ ശൂന്യമായ പിസ്റ്റള്‍ കണ്ടെത്തിയത്. തോക്കില്‍ മെഗസിനോ, വെടിയുണ്ടകളോ ഉണ്ടായിരുന്നില്ല. തോക്കിനു മുകളില്‍ വെസ്റ്റ് ജര്‍മ്മനി എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത തോക്ക് വളയം സ്റ്റേഷനിലേക്ക് മാറ്റുകയും ബാലിസ്റ്റിക്ക് വിഭാഗത്തില്‍ പരിശോധനയ്ക്കായി അയച്ച് ഉപയോഗ ശൂന്യമാണോ എന്ന് ഉറപ്പ് വരുത്തുമെന്നും വളയം എസ്എച്ച്ഒ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് വാണിമേല്‍ പുഴയിലെ കോടിയൂറ ഭാഗത്ത് നിന്നാണ് തോക്ക് ലഭിച്ചതെന്നാണ് ഹാഫിസ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.