കുടിവെള്ളക്ഷാമം രൂക്ഷം; കീഴരിയൂരില്‍ മണ്ണാടിക്കുന്ന് ജലനിധി കുടിവെള്ളപദ്ധതി അവതാളത്തില്‍
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് ജലനിധി കുടിവെളള പദ്ധതി അവതാളത്തില്‍. കടുത്ത ജലക്ഷാമമെന്ന് പ്രദേശവാസികള്‍. എണ്‍പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. ജലവിതരണത്തിന് സ്ഥാപിച്ച ഇരുമ്പ് കുഴലുകള്‍ ദ്രവിച്ച് പലയിടത്തും പൊട്ടി തകര്‍ന്നു കിടക്കുകയാണ്. പൊട്ടിയ പൈപ്പുകള്‍ മാറ്റി പി.വി.സി പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഒരു ലക്ഷം രൂപ വേണ്ടി വരുമെന്ന് ഓപ്പറേറ്റര്‍ ശിവന്‍ മണ്ണാടിമ്മല്‍.
2013 ലാണ് ജലനിധി പദ്ധതി പ്രകാരം മണ്ണാട്ട് കുനി ഭാഗത്തും കിണറും പമ്പ് ഹൗസും സ്ഥാപിച്ച് ജല വിതരണം തുടങ്ങിയത്. മോട്ടോര്‍ ഉപയോഗിച്ച് വെളളമടിക്കുമ്പോള്‍ പല സ്ഥലത്തും പൈപ്പ് പൊട്ടി ജല വിതരണം തടസ്സപ്പെടും. കീഴരിയൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന സ്ഥലമാണ് മണ്ണാടികുന്ന്.
മണ്ണാടിക്കുന്ന് കുടിവെളള പദ്ധതി ജലനിധി പ്രകാരമാണ് അനുവദിച്ചതെന്ന് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത ്പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഇ.എം.മനോജ് പറഞ്ഞു. പി.വി.സി പൈപ്പ് ഇടേണ്ടിടത്ത് നിലവാരം കുറഞ്ഞ ജി.ഐ പൈപ്പ് ഇട്ടതു കൊണ്ടാണ് പലയിടത്തായി പൈപ്പ് പൊട്ടാന്‍ കാരണം. ഗ്രാമ പഞ്ചായത്ത് ഇടപെട്ട് പ്രത്യേക പരിഗണന നല്‍കി കുഴലുകള്‍ മാറ്റി സ്ഥാപിക്കാന്‍ തുക അനുവദിക്കണം. ഇക്കാര്യം വാട്ടര്‍ അതോറിറ്റി അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.