കുഞ്ഞുചിരിയോടെയാവും മൊഴി ഇന്നും ഉണര്‍ന്നത്, അച്ഛന്റെ തോളത്തിരുന്ന് മിഠായി നുണയുമ്പോള്‍ ആരുമറിഞ്ഞില്ല നിമിഷങ്ങള്‍ക്കകം അവള്‍ ഉണരാത്ത ഉറക്കത്തിലേക്ക് യാത്രയാകുമെന്ന്, നാദാപുരത്തെ രണ്ടരവയസുകാരിയുടെ മരണത്തില്‍ വിറങ്ങലിച്ച് നാട്


നാദാപുരം: ഇന്ന് പുലര്‍ച്ചെയും അവള്‍ പുഞ്ചിരിയോടെയാവും ഉണര്‍ന്നിരിക്കുക. കുസൃതി നിറഞ്ഞ കുഞ്ഞുമൊഴിയുടെ കളിചിരികള്‍ ഇത്ര വേഗം ഇല്ലാതാകുമെന്ന് ആരുമറിഞ്ഞില്ല.

വിയോഗ വാര്‍ത്ത കേട്ട് നാടൊന്നാകെ തേങ്ങി. ഇന്ന് രാവിലെയാണ് ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനകത്തെ വെള്ളം നിറഞ്ഞ പ്ലാസ്റ്റിക്ക് വീപ്പയില്‍ വീണ് രണ്ടര വയസ്സുകാരി മരണപ്പെട്ടത്. അരൂണ്ടയിലെ ടെലിവിഷന്‍ റിപ്പേറിംഗ് ജോലിക്കാരനായ ഷാപ്പ് കെട്ടിയ പറമ്പത്ത് ബിജുവിന്റെ മകള്‍ മൊഴി ജെ ബിജുവാണ് മരിച്ചത്.

ഇന്ന് രാവിലെ അച്ഛന്‍ ബിജുവിനൊപ്പം മോട്ടോര്‍ ബൈക്കില്‍ സമീപത്തെ കടയില്‍ എത്തി കുട്ടി മിഠായി വാങ്ങിയിരുന്നു. കുട്ടിയെ വീട്ടിന് മുന്‍വശം ഇറക്കിയാണ് ബിജു ജോലിക്ക് പോയത്. കുറച്ചു സമയത്തിനിടെ കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് വെള്ളം നിറഞ്ഞ വീപ്പയില്‍ കുട്ടിയെ കണ്ടത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുതായി നിര്‍മ്മിക്കുന്ന വീടിന് അകത്തുണ്ടായിരുന്ന വീപ്പയിലേക്ക് കോവണിപ്പടി വഴി കയറി എത്തി നോക്കുമ്പോഴാണ് അപകടം എന്നാണ് കരുതുന്നത്. അമ്മ ജ്യോതിര്‍ഷനയാണ്. സഹോദരി മിന്ദ്ര ജെ ബിജുവാണ്.