കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്ന് പേരാമ്പ്ര സ്വദേശികളായ ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു


പേരാമ്പ്ര: കിടപ്പുമുറിയിലെ എ.സി യിൽനിന്ന് തീപടർന്നതിനെത്തുടർന്ന് ബല്ലാരിയിൽ മലയാളി ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര അപ്പക്കൽ ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.

ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ അപ്പോഴേക്കും മരിച്ചിരുന്നു. അവിടെനിന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജോയി മരിച്ചത്.

ഒരാഴ്ചമുമ്പ് എ.സി.യിലെ തകരാർ ടെക്‌നീഷ്യനെത്തി നന്നാക്കിയിരുന്നു. എന്നാൽ, എ.സി. പൂർണമായും പ്രവർത്തനസജ്ജമായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രഥമിക നിഗമനം. പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയായിരുന്ന ജോയ് പോൾ 15 വർഷം മുമ്പാണ് ബല്ലാരിയിലെത്തിയത്. ജിൻഡാൽ സ്റ്റീൽ പ്ലാന്റിലെ കരാർജോലികൾ ഏറ്റെടുത്തുനടത്തുന്ന പോൾ എച്ച്.ആർ. സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു.

മക്കൾ: ശിഖ, സുബിൻ ജോയ്. മരുമകൻ: ജോർജ് എഡിസൺ ചീരാൻ. വയനാട് ബത്തേരി ചെതലയത്ത് പരേതനായ കോരുതിന്റെയും മറിയാമ്മയുടെയും മകളാണ് ഉഷ. വത്സൻ, ശോഭന, ഷീല എന്നിവർ സഹോദരങ്ങളാണ്. ജോയിയുടെയും ഉഷയുടെയും മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പേരാമ്പ്ര കല്ലുങ്കൽ സെയ്ന്റ് ജോർജ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ചരമശുശ്രൂഷയ്ക്ക് ശേഷം അമ്പാഴപ്പാറ സെമിത്തേരിയിൽ ശവസംസ്കാരം നടക്കും.