കാഴ്ചപരിമിതിയുള്ളവര്‍ക്ക് ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കും
കോഴിക്കോട്: കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം. ഇവര്‍ക്കുള്ള ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ബൂത്തുകളില്‍ ലഭ്യമാണ്. കാഴ്ചപരിമിതിയുള്ള വോട്ടര്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടാല്‍ പ്രിസൈഡിങ് ഓഫീസറുടെ പക്കലുള്ള ബ്രെയ്ലി ഡമ്മി ബാലറ്റ് നല്‍കണം.
സ്ഥാനാര്‍ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ടിയുടെ പേരും ബ്രെയ്ലി ലിപിയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഇവിഎം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കിയശേഷം വോട്ടര്‍ക്ക് വോട്ടിങ് കംപാര്‍ട്ട്‌മെന്റിലെത്തി ഇവിഎം മെഷീനില്‍ വലതുവശത്തായി ബ്രെയ്ലി ലിപിയില്‍ ആലേഖനം ചെയ്ത ക്രമനമ്പര്‍ പ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് അവസാനിച്ച ശേഷം പ്രിസൈഡിങ് ഓഫീസര്‍ ഡമ്മി ബാലറ്റ് ഷീറ്റ് പ്രത്യേകം കവറില്‍ സീല്‍ ചെയ്ത് റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കും.