കാനത്തില്‍ ജമീല രാജി വെച്ച ഒഴിവ്; കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനായി ചര്‍ച്ചകള്‍ സജീവം


കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനായുള്ള ചര്‍ച്ച സജീവം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ വിജയിച്ച കാനത്തില്‍ ജമീല അധ്യക്ഷപദം ഒഴിഞ്ഞതോടെയാണ് പുതിയ ആളിനായുള്ള ചര്‍ച്ച തുടങ്ങിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്ന് സി.പി.എം നേതൃത്വം.

നിലവിലുള്ള അംഗങ്ങളില്‍ ഒരാളെ പ്രസിഡന്റാക്കുന്നതിനാണ് പ്രഥമ പരിഗണന. സി.പി.എം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച നന്‍മണ്ട ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമില്ല. നിലവിലുള്ള അംഗങ്ങളില്‍ വികസന സ്ഥിരം സമിതി അധ്യക്ഷ ഷീജ ശശി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. പേരാമ്പ്ര ഡിവിഷനില്‍ നിന്നുള്ള ഷീജ ശശി ചക്കിട്ടപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. മണിയൂര്‍ ഡിവിഷന്‍ അംഗമായ കെ.വി.റീന തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്.

വനിതാ സംവരണമായതിനാല്‍ വൈസ് പ്രസിഡന്റിന് കൂടുതല്‍ കാലം അധ്യക്ഷപദത്തില്‍ തുടരാനാകില്ല. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാന സമിതിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചയിക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ മാര്‍ഗരേഖ തയാറാക്കിയാണ് കാനത്തില്‍ ജമീല പ്രസിഡന്റ് പദമൊഴിഞ്ഞത്. ഒന്നരക്കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയത്.