കാട്, കാട്ടുജീവികള്‍, ചോലകള്‍, കാടിനു നടുവിലായി വെള്ളച്ചാട്ടങ്ങളും; തുഷാരഗിരിയുടെ വിശേഷങ്ങള്‍ അറിയാം
കാടും കാട്ടാറും കാട്ടുവെള്ളച്ചാട്ടവും…കുളിര്‍മ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു കോഴിക്കോട് ജില്ലയിലെ തുഷാരഗിരി. ജീരകപ്പാറ നിത്യഹരിത വനമേഖലയിലെ പുഴകളും കാനന ചോലകളും വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍. ആന, കാട്ട്‌പോത്ത് തുടങ്ങിയ വന്യമൃഗങ്ങളും ഇവിടെയുണ്ട്. പക്ഷി നിരീക്ഷകരുടെയും ഇഷ്ട കേന്ദ്രമാണ് ഇവിടം. ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയിലും കൈവഴികളിലുമാണു പ്രകൃതിസുന്ദരമായ വെള്ളച്ചാട്ടങ്ങളുള്ളത്.
കോഴിക്കോട് നിന്നും 50 കിലോമീറ്റര്‍ വയനാട് പാതയിലൂടെ വന്നു ചുരത്തിലെ രണ്ടാം വളവിനു സമീപത്തു നിന്നും വലത്തേക്കുള്ള പാതയിലേക്ക് കയറി യാത്ര ചെയ്താല്‍ കണ്ടപ്പന്‍ചാല്‍ പാലത്തിനടുത്തു നിന്ന് ടൂറിസം വകുപ്പിന്റെ ഗേറ്റ് കാണും. ചെറിയ പ്രവേശന ഫീസ് നല്‍കി വെള്ളച്ചാട്ടത്തിലേക്ക് കയറാം. മഴ ശക്തമാവുന്ന കാലങ്ങളില്‍ ഇവിടെ പ്രവേശനം നിഷേധിക്കാറുണ്ട്.
കേരള സര്‍ക്കാര്‍ വയനാട് -കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചു നിര്‍മിച്ച കല്‍പ്പറ്റ -തുഷാരഗിരി -ബേപ്പൂര്‍ റോഡ് ആണ് ഇതിലെ കടന്നു പോകുന്നത്. തുഷാരഗിരിയില്‍ നിന്നും വൈത്തിരിയിലേക്ക് ട്രക്കിങ്ങിനുള്ള സൗകര്യവും ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്.
പ്രധാനമായും മൂന്നു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ഈരാറ്റുമുക്ക്, തുമ്പിതുള്ളുംപാറ, മഴവില്‍ചാട്ടം വെള്ളച്ചാട്ടങ്ങളാണവ. പ്രകൃതി സ്‌നേഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ട്രാക്കിങ്, മലകയറ്റം ഇഷ്ട്ടപെടുന്നവര്‍ക്കും വേണ്ടതെല്ലാം തുഷാരഗിരിയിലുണ്ട്.
തുഷാരഗിരി വനത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. സമീപം ഏറെ വര്‍ഷം പഴക്കമുള്ള താന്നിമുത്തശ്ശി മരവും കൗതുക കാഴ്ച്ചയാണ്. അഞ്ചാറാളുകള്‍ക്കു കയറി നില്‍ക്കാവുന്ന വലിയ പൊത്തോടുകൂടിയതാണ് ഉയരമുള്ള താന്നിമരം. താന്നിമരത്തിനുള്ളിലെ പൊത്തിലൂടെ മുകളിലേയ്ക്കു നോക്കിയാല്‍ ആകാശം കാണാം.
രണ്ടാമത്തേതു മഴവില്‍ വെള്ളച്ചാട്ടം: ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ വെള്ളം പാറകളില്‍ തട്ടി തെറിക്കുമ്പോള്‍ സൂര്യപ്രകാശത്തില്‍ വര്‍ണ മഴവില്ലു കാണാന്‍ കഴിയുന്നതുകൊണ്ടാണു മഴവില്‍ച്ചാട്ടം എന്നു പേര്. തുമ്പികള്‍ കൂട്ടത്തോടെ കാണപ്പെടുന്നതാണു മൂന്നാമത്തെ തുമ്പിതുള്ളംപാറ വെള്ളച്ചാട്ടം. തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമാണ് കൂട്ടത്തില്‍ ഏറ്റവും വലുത്.
മല കയറാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇവിടെ നിന്നും മല കയറി വൈത്തിരിയിലേക്ക് എത്തുവാനും കഴിയും.തുഷാരഗിരി സെന്ററില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ നിബിഡ വനത്തിനുള്ളിലെ ഉയര്‍ന്നു നില്‍ക്കുന്ന പാറയാണു ഹണി റോക്ക്.
ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ ആര്‍ച്ച് മോഡല്‍ പാലം നിര്‍മിച്ചിരിക്കുന്നതും തുഷാരഗിരിയിലാണ്. രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണു പ്രവേശന സമയം. പ്രവേശന ഫീസ് 30 രൂപ. വിദേശികള്‍ക്ക് 50 രൂപ, കുട്ടികള്‍ക്കു 15 രൂപ. മണ്‍സൂണ്‍ ടൂറിസം സീസണില്‍ വിദേശികളടക്കമുള്ള സഞ്ചാരികള്‍ പങ്കെടുക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍, കയാക്കിങ്ങ് മല്‍സരങ്ങള്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും എല്ലാ ജൂലൈ മാസവും നടന്നുവരുന്നു.
ജൂലൈ 20 മുതല്‍ 23 വരെയാണു പുഴകളില്‍ കയാക്കിങ് അരങ്ങേറുക. ഫോണ്‍: ഡിടിപിസിയുടെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസ്9447278388., ഇക്കോ ടൂറിസം സെന്റര്‍8547602818.
എങ്ങനെ എത്താം
കോഴിക്കോട്ടുനിന്നു താമരശേരി, കോടഞ്ചേരി വഴി തുഷാരഗിരിയെത്താം. 55 കിലോമീറ്റര്‍
വയനാട്ടില്‍ നിന്നു ചുരമിറങ്ങി അടിവാരത്തുനിന്നു നൂറാംതോട് വഴി ആറു കിലോമീറ്റര്‍.
മലപ്പുറം ജില്ലയില്‍നിന്നു വരുന്നവര്‍ക്കു മഞ്ചേരി, അരീക്കോട്, മുക്കം, ഓമശേരി, കോടഞ്ചേരി വഴിയും തുഷാരഗിരിക്ക് എത്താം.