കളിക്കളം ശൂന്യമാണ്, ലക്ഷങ്ങളുടെ മുതല്‍മുടക്കില്‍ നിര്‍മിച്ച ടര്‍ഫുകളും നിശ്ചലം; ഉടമകള്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: കാല്‍പ്പന്തുകളിയുടെ ആവേശവും ആരവവും ഉയര്‍ന്ന ടര്‍ഫുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തീര്‍ത്തും നിശ്ചലമായി. യുവാക്കള്‍ക്ക് വ്യായാമത്തിനുള്ള അവസരം നഷ്ടമായി. ടര്‍ഫ് ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
ടര്‍ഫ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള യുടെ കീഴില്‍ ജില്ലയില്‍ 86 ടര്‍ഫുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് മൂലമെത്തിയ ലോക്ക്ഡൗണില്‍ ഉടമകള്‍ക്ക് ഉണ്ടായത് തീരാത്ത നഷ്ടമാണെന്ന് ടോക്ക് ജില്ലാ പ്രസിഡണ്ട് എ.കെ.മുഹമ്മദലി പറഞ്ഞു.
നാലു വര്‍ഷം മുമ്പാണ് സംസ്ഥാനത്തെ ടര്‍ഫ് എന്ന കൃത്രിമ കളിക്കളങ്ങള്‍ തുടങ്ങിയത്. തുടക്കത്തില്‍ മണിക്കൂറിന് 3000 ഈടാക്കിയിരുന്നു. വമ്പന്‍ ലാഭം തിരിച്ചറിഞ്ഞ് പലരും നഗരത്തിലും ഗ്രാമങ്ങളിലും എല്ലാം പിന്നീട് ടര്‍ഫുകള്‍ തുടങ്ങി. ഒന്നാം ലോക്ക്ഡൗണില്‍ 2020 മാര്‍ച്ച് 20 ഓടെ പൂട്ടിയിട്ടതിനു ശേഷം മെയ് 26 തുറന്നെങ്കിലും മുമ്പുള്ളതുപോലെ ആളുകള്‍ വരാതെയായി. കോവിഡ് വ്യാപനമാണ് കാരണം. രണ്ടാം തരംഗത്തില്‍ ജില്ലയില്‍ അഞ്ച് ടര്‍ഫുകളാണ് പൂട്ടിയതെന്നും ഉടമകള്‍ ദുരിതത്തിലാണെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 40 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് നിര്‍മ്മാണച്ചെലവ്.