കരിയാത്തുംപാറയില്‍ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിന് തുണയായി കൂരാച്ചുണ്ട് സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍


കോഴിക്കോട്: കരിയാത്തുംപാറയില്‍ ഒഴുക്കില്‍പ്പെട്ട നാലാംഗ കുടുംബത്തിന് തുണയായി പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ധീരത. കുന്ദമംഗലം സ്വദേശികളായ അച്ഛനും അമ്മയും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ നാലുപേരെയും രക്ഷിക്കുകയായിരുന്നു.

കൂരാച്ചുണ്ട് സ്വദേശികളായ ജസീം ഒ.കെ, അനു റോഷന്‍, ഹമീദ്, രഥില്‍ ബുഹാരി, നബീല്‍, ഷാനിഫ് എന്നിവരാണ് പുഴയില്‍ ഇറങ്ങുകയും ഇവരെ രക്ഷിക്കുകയും ചെയ്തത്.

കരിയാത്തുംപാറ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു പിന്നാലെ കുടുംബസമേതം കാഴ്ചകള്‍ കാണാനെത്തിയതായിരുന്നു കുന്ദമംഗലം സ്വദേശികള്‍. കുട്ടികള്‍ രണ്ടും ആദ്യം പുഴയില്‍ ഇറങ്ങി കളിക്കുകയായിരുന്നു. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി പിന്നീട് മാതാപിതാക്കളും ഇറങ്ങുകയായിരുന്നെന്ന് കൂരാച്ചുണ്ടില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗം ഹസീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വിദ്യാര്‍ഥികളെ നേരിട്ടുകൊണ്ട് അഭിനന്ദിച്ചതായും അവര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ ആറുപേരും പുഴയ്ക്കരികില്‍ ഇരിക്കുകയായിരുന്നു. കുട്ടികള്‍ ഒഴുകിപ്പോകുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കളും മുങ്ങിപ്പോകുകയായിരുന്നു. നാലുപേരെയും വെളളത്തില്‍ നിന്ന് പുറത്തെടുത്ത ഇവര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.