കനാലിലേക്ക് കാര്‍ മറിഞ്ഞു,യാത്രക്കാര്‍ക്ക് പരുക്കില്ല


പേരാമ്പ്ര : പെരുവണ്ണാമൂഴി കടിയങ്ങാട് റോഡില്‍ കൂവപ്പൊയിലില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മരുതോങ്കര സ്വദേശികളായ നോബി ജോസഫും ബന്ധുവും പരുക്കില്ലാതെ രക്ഷപ്പെട്ടു.കുറ്റ്യാടി ജലസേചനപദ്ധതിയിലെ പ്രധാന കനാലിലേക്കാണ് കാര്‍ വീണത്.

ഇവിടെ റോഡിനോട് ചേര്‍ന്നാണ് ഒരുഭാഗത്ത് കനാലുള്ളത്. കാര്‍ പിന്നോട്ടെടുക്കവെ നിയന്ത്രണംതെറ്റി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ .

ഡോറിന്റെ ഗ്ലാസ് തുറന്ന് കിടന്നതിനാല്‍ യാത്രക്കാര്‍ ഇതുവഴി പുറത്തിറങ്ങിയാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ നാട്ടുകാര്‍ പെരുവണ്ണാമൂഴി പോലീസിനെയും ജലസേചന വിഭാഗത്തെയും വിവരമറിയിച്ചു.

ജലസേചന വിഭാഗം പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്കുള്ള വെള്ളം തുറന്നുവിടുന്നത് കുറച്ചു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുത്തു.