കനത്ത മഴ തുടരുന്നു; ജില്ലയിൽ ഇന്ന് റെഡ് അലർട്ട്
കോഴിക്കോട്: അറബിക്കടലിലെ ന്യൂനമർദം അതിതീവ്രന്യൂനമർദമായിമാറി. ഇത് ടൗട്ടേ ചുഴലിക്കാറ്റായിമാറി ഗുജറാത്ത് തീരത്തേക്കു നീങ്ങുകയാണ്. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദം വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ തീരത്തുനിന്ന് 310 കിലോമീറ്റർമാത്രം അകലെയായിരുന്നു. അതിനാൽ വടക്കൻ കേരളത്തിലാണ് മഴയും കാറ്റും കൂടുതൽ ലഭിച്ചത്. അഞ്ച് വടക്കൻ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. മഴയും കാറ്റും ഞായറാഴ്ചവരെ തുടരും.
ചുഴലിക്കാറ്റായി മാറിയശേഷം വടക്ക്, വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 18-ന് ഗുജറാത്ത് തീരത്തിനു സമീപമെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 175 കിലോമീറ്റർവരെ വേഗംപ്രാപിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ടൗട്ടേ.