കനത്ത മഴയില്‍ കോഴിക്കോട് മണ്ണിടിച്ചില്‍, പലയിടത്തും വെള്ളം കയറി; കണ്‍ട്രോള്‍ റൂമുകൾ തുറന്നു (വീഡിയോ)


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെതുടര്‍ന്ന് വിവിധയിടങ്ങളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും ചെയ്തു. മാവൂരിലും ചാത്തമംഗലത്തുമാണ് വ്യാപക മണ്ണിടിച്ചില്‍. ചാത്തമംഗലം സൗത്ത് അരയങ്കോട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. കുവുങ്ങ് വീട്ടിന് മുകളില്‍ വീണ് വീട് ഭാഗികമായി തകര്‍ന്നു. പനങ്ങോട് വീടിന്റെ മുകളില്‍ സംരക്ഷണ ഭിക്തി തകര്‍ന്നു വീണു. മാവൂര്‍ മേച്ചേരി കുന്നില്‍ വീടിന് സമീപത്തേക്ക് 20 മീറ്റര്‍ വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആര്‍ക്കും പരിക്കില്ല.

കോഴിക്കോട് നഗരത്തിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വെള്ളെം കയറിയതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് കൂമ്പാറയിലും അട്ടപ്പാടിയിലും മലവെള്ള പാച്ചിലുണ്ടായി.

ജില്ലയില്‍ മഴ കനത്തതോടെ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ നാല് കണ്‍ട്രോള്‍ റുമുകളാണ് തുറന്നത്. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണവ. ജില്ലയില്‍ ഒക്ടോബര്‍12, 13, 14 തീയ്യതികളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായത്തിനായി കലക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവൃത്തിക്കുന്നുണ്ട്. വില്ലേജ് ഓഫീസർമാരുടെ നമ്പർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാവുന്നതാണ്. https://kozhikode.nic.in/villages/

വീഡിയോ കാണാം