“കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം; ഇട്ടപ്പോളെ ഊരി പോന്ന ചിൻസ്ട്രാപ്പ്”; ഡ്യൂട്ടിക്ക് കിട്ടിയ ഹെൽമെറ്റിനെ സാമൂഹ്യ മാധ്യമത്തിൽ രൂക്ഷമായി വിമര്‍ശിച്ച് പോലീസുകാരൻ
കോഴിക്കോട്: സംരക്ഷിക്കാൻ തരുന്ന ഉപകരണങ്ങളിൽ തന്നെ പറ്റിച്ചാലൊ? അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരന്‍. പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ തല സംരക്ഷിക്കാന്‍ നല്‍കുന്ന ഹെല്‍മറ്റിനെ രൂക്ഷമായി വിമർശിച്ചാണ് ഉമേഷ് ഫേസ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറുപ്പിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്നലെ L&O ഡ്യൂട്ടിക്ക് കോഴിക്കോട് DHQ ആസ്ഥാനത്ത് നിന്ന് ഷീൽഡും ലാത്തിയും ഹെൽമെറ്റുമൊക്കെയായി ഉച്ചയ്ക്ക് പുറപ്പെട്ടു. കിട്ടിയത് പുതു പുത്തൻ ഹെൽമറ്റായിരുന്നു. വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോൾ തലയിൽ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിർമ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിൻസ്ട്രാപ്പ് ഇട്ടപ്പോൾ അത് കയ്യിൽ പോരുന്നു! അതോടെ സംഗതി തലയിൽ നിൽക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്! ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തൻ സാധനമാണെങ്കിലും തുരുമ്പ് പിടിച്ചിരിക്കുന്നു പലയിടത്തും!
ഇതേ ടൈപ്പ് പുത്തൻ ഹെൽമെറ്റ് കിട്ടിയ സുഹൃത്തിനടുത്തു പോയി നോക്കി. പുള്ളിയും ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ചിൻസ്ട്രാപ്പും പിടിച്ച് നിൽക്കുകയാണ്!
പോലീസിലെ 18 കൊല്ലത്തെ സർവ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെൽമെറ്റ് കണ്ടിട്ടില്ല. ISI മാർക്ക് പോയിട്ട് ഏതു കമ്പനിയുടേതാണെന്ന് വരെ പിടിയില്ല!
തൽക്കാലം ഡിപ്പാർട്ട്മെന്റ് ഹെൽമെറ്റ് അടുത്തുള്ള കടയിലേൽപ്പിച്ച്, അവരുടെ ബൈക്കിന്റെ ഹെൽമെറ്റ് കടം വാങ്ങി ഡ്യൂട്ടിയെടുത്തു.
എന്തായാലും ഡിപ്പാർട്ട്മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച് പുട്ടടിക്കാൻ ഉളുപ്പില്ലാത്ത ആസ്ഥാന പർച്ചേസ് ടീമിലെ മേലാളന്മാർക്ക് നല്ല നമസ്കാരം. വാഴ്ക വളമുടൻ