‘സിനിമ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം, അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല’; ചുരുളി സിനിമയിൽ നിയമലംഘനമില്ലെന്നും ഹൈക്കോടതി


കൊച്ചി: ‘സിനിമ, സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം, അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല’; ചുരുളി സിനിമ വിവാദത്തിൽ പ്രതികരിച്ച്‌ ഹൈക്കോടതി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമ പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നുംആവശ്യപ്പെട്ട ഹർജിയിൽ പ്രതികരിക്കുകയായിരുന്നു കോടതി ചുരുളി സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഹൈക്കോടതി പൊലീസ് മേധാവിക്ക് നിർദേശം നൽകി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.

തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് പറഞ്ഞു.

ഈ ചിത്രത്തിലെ വിവാദമായ ഭാഷാ പ്രയോഗത്തെ കുറിച്ചും ഇതിനിടയിൽ പരാമർശിക്കുകയുണ്ടായി. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുക? ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയിൽ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാൻ സാധിക്കുകയുള്ളു. നിലവിൽ അത്തരം കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല എന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തൽ.

സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് വഴി സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്ന ആരോപണത്തിന് സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത് അതിനാൽ ആരെയും നിർബന്ധിച്ച് സിനിമ കാണിക്കുന്നില്ല എന്നുമായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

‘ചുരുളി’ ട്രെയിലർ കാണാം: