കടുത്ത ചൂടാണ്, ജാഗ്രത പാലിക്കുക


തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം.


കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും ഉത്തമം.
കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും ശരീരം നനയ്ക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്.
കഠിന വെയില്‍ ഒഴിവാക്കുക. ഇടയ്ക്കിടയ്ക്ക് തണലില്‍ അഭയം തേടണം. യാത്ര ചെയ്യുന്നവരും ജോലിക്ക് പോകുന്നവരും ഒരു കുപ്പി ശുദ്ധമായ കുടിവെള്ളം കൈയ്യില്‍ കരുതുന്നത് നന്നായിരിക്കും.