കടയില്‍ പോകാന്‍ മടിയാണോ? എങ്കില്‍ ഇവരെ വീട്ടില്‍ വളര്‍ത്തിയാല്‍ മതി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷോപ്പിങ് നടത്തുന്ന പട്ടികളുടെ വീഡിയോ (Watch Video)
വീട്ടിലേക്കുള്ള പച്ചക്കറികളോ പഴങ്ങളോ പലചരക്കുസാധനങ്ങളോ എന്തുമാകട്ടെ, അവ മാര്‍ക്കറ്റില്‍ പോയി വാങ്ങിക്കൊണ്ടുവരാന്‍ മടിയുള്ള എത്രയോ പേര്‍ നമുക്കിടയിലുണ്ട്. നഗരങ്ങളിലാണെങ്കില്‍ ഇപ്പോള്‍ പലരും ഇതിനെല്ലാം ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിക്കുകയാണ് പതിവ്.
എന്നാല്‍ വീട്ടില്‍ തന്നെ ഷോപ്പിംഗിന് വിടാന്‍ വിശ്വസ്തരായവരുണ്ടെങ്കിലോ? വീട്ടുജോലിക്കാരെയല്ല ഉദ്ദേശിച്ചത്. വീട്ടുജോലിക്കാരുടെ സഹായത്തോടെ ഇത്തരം ജോലികള്‍ തീര്‍ക്കുന്നവരുണ്ട്. പക്ഷേ ഇപ്പോള്‍ പറയുന്നത് അവരെ കുറിച്ചല്ല.
വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ തന്നെ വൃത്തിയായി, നമുക്ക് വേണ്ട സാധനങ്ങളെല്ലാം കടയില്‍ പോയി വാങ്ങിക്കൊണ്ടുവന്നാലോ! കേള്‍ക്കുമ്പോള്‍ ആരിലും അതിശയം ജനിപ്പിക്കുന്നതാണിത്. എന്നാലിതും സാധ്യമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ തെളിയിക്കുന്നത്.
ബാസ്‌കറ്റുമായി പഴക്കടയിലെത്തുന്ന പട്ടികള്‍. കടക്കാര്‍ ലിസ്റ്റ് പ്രകാരമുള്ള പഴങ്ങള്‍ കുട്ടയിലെടുത്ത് വച്ച് നല്‍കിയ ശേഷം, ഷോപ്പിംഗ് കഴിഞ്ഞെന്ന് അറിയിക്കാന്‍ അടുത്തിരിക്കുന്ന പഴങ്ങളുടെ കുട്ടയില്‍ രണ്ട് തട്ട് തട്ടി, ‘സിഗ്നല്‍’ കൊടുക്കുന്നു. ശേഷം നല്ലൊരു പഴം കൂടി തെരഞ്ഞെടുത്ത് തന്റെ ബാസ്‌കറ്റിലിട്ട ശേഷം അനുസരണാപൂര്‍വ്വം തിരിച്ച് വീട്ടിലേക്ക് പഴക്കുട്ടയുമായി നടന്നുപോകുന്ന പട്ടികള്‍.
ഇങ്ങനെയെല്ലാം സാധ്യമാണോ എന്നാണ് വീഡിയോ കണ്ട മിക്കവരുടെയും ചോദ്യം. പരിശീലനത്തിലൂടെ ഇത് സാധ്യമാണെങ്കില്‍ തങ്ങള്‍ക്കും ഇങ്ങനെയുള്ള പട്ടികളെ വേണമെന്നായി മറ്റ് ചിലര്‍. പട്ടികളോളം വിശ്വസിക്കാവുന്ന മറ്റൊരു ജീവിവര്‍ഗമില്ലെന്നും അവയുടെ നന്ദിയും സ്‌നേഹവും വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്നതല്ലെന്നും അഭിപ്രായപ്പെടുന്ന വേറൊരു വിഭാഗം.
ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എപ്പോള്‍ പകര്‍ത്തിയതാണെന്നും അറിവില്ല. ഏതായാലും കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ പതിനായിരങ്ങളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും ഇത് പങ്കുവച്ചുകൊണ്ടിരിക്കുന്നു.