ഓൺലൈൻ തട്ടിപ്പുകാരെ പൂട്ടാൻ കേരള പൊലീസിന്റെ പുതിയ കോൾസെന്റർ; പരാതി നൽകാൻ 155260 നമ്പറിൽ വിളിക്കുക
കോഴിക്കോട്: ഓണ്‍ലൈന്‍ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്റര്‍ നിലവില്‍ വന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോള്‍ സെന്റര്‍ ആരംഭിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രീപം :
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ ഹെല്പ് ലൈന്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി കേരള പോലീസിന്റെ കാള്‍ സെന്റര്‍ സംവിധാനം നിലവില്‍ വന്നു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിന്‍ കീഴിലാണ് കേരള സര്‍ക്കാര്‍ ഒരു കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കാള്‍ സെന്ററിലേക്ക് സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും 155260 എന്ന ടോള്‍ ഫ്രീ നമ്പറില്‍ തത്സമയം അറിയിക്കാവുന്നതാണ്. സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ എത്രയും വേഗം (പരമാവധി 48 മണിക്കൂര്‍ ) പരാതി 155260 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്.
കാള്‍ സെന്ററില്‍ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികള്‍ക്ക് അടിയന്തിര അറിയിപ്പ് നല്‍കി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടര്‍ന്ന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
അതേസമയം, ഓണ്‍ലൈനിലൂടെ വളരെ എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നുവെന്ന് സന്ദേശം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വായ്പയായി നല്‍കുന്നു എന്നാണ് സന്ദേശം.
ലളിതമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വായ്പ നിങ്ങള്‍ക്ക് ലഭ്യമാകും എന്നതാണ് പ്രചാരണത്തില്‍ പറയുന്നത്. ഇതിനായി ബന്ധപ്പെട്ടാല്‍ തട്ടിപ്പ് സംഘം ആവിശ്യപ്പെടുന്നത് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ്. പിന്നീട് അത്തരം വിവരങ്ങള്‍ ഉപയോഗിച്ചാണ് വലിയ തട്ടിപ്പുകള്‍ക്ക് സംഘം കളമൊരുക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചതോടെ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.