ഒറ്റമുറി വീട്ടിൽനിന്ന്‌ മോചനം; പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായിരുന്ന പ്രദീഷിന് സഹപാഠികളുടെ തണലില്‍ വീടൊരുങ്ങുന്നു


പേരാമ്പ്ര: അസുഖബാധിതനായ പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവർ എരവട്ടൂർ പുന്നയുള്ള പറമ്പിൽ പ്രദീഷിന് പത്താംതരത്തിലെ സഹപാഠികളുടെ നേതൃത്വത്തിൽ വീടൊരുങ്ങുന്നു. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിലെ 1997- വർഷത്തെ എസ്.എസ്.എൽ.സി. ബാച്ചിൽ പത്ത്-എച്ച് ഡിവിഷനിൽ പഠിച്ചവർ മുൻകൈയെടുത്താണ് വീട് നിർമിക്കുന്നത്.

പത്ത് വർഷം മുമ്പാണ് പ്രദീഷിന് നടക്കാൻ പ്രയാസം തുടങ്ങിയത്. അസുഖം കൂടിയതോടെ ഓട്ടോയോടിക്കാനും പറ്റാതായി. ജനിതകമായ പ്രശ്നങ്ങൾ മൂലമുള്ള രോഗമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചെറിയ ഒറ്റമുറി വീട്ടിലാണ് പ്രദീഷിന്റെ കുടുംബം കഴിഞ്ഞുവരുന്നത്. വിവരമറിഞ്ഞ് സഹപാഠികൾ ചേർന്ന് ജനകീയ സഹകരണത്തോടെ വീട് നിർമിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു. ഇനിയും ജനങ്ങളുടെ കൈത്താങ്ങുണ്ടായാലേ വീട് നിർമാണം പൂർത്തിയാക്കാനാകൂ.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. കിഴക്കയിൽ രജീഷ് അധ്യക്ഷനായി. പഞ്ചായത്തംഗം അർജുൻ കറ്റയാട്ട്, ടി.എം. ശങ്കരൻ, എം.പി. രാജേഷ്, ധർമരാജൻ, കെ.കെ. രാജൻ, കെ. ദാമോദരൻ, മൊയ്ദീൻ പേരാമ്പ്ര, ലിനീഷ് എടവരാട്, പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.