ഒരുകോടിയിലേറെ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍; ഒളിപ്പിച്ചത് സ്വകാര്യഭാഗത്തും സോക്‌സിനുള്ളിലും
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേര്‍ പിടിയില്‍. ഒന്നേകാല്‍ കോടി രൂപയോളം വിലവരുന്ന 2.6 കിലോഗ്രാം വരുന്ന മിശ്രിതമാണ് പിടിച്ചെടുത്തത്.
കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിന്‍ (19), മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബാസിക്ക് (22) എന്നിവരാണ് പിടിയിലായത്. ബാസിത്തില്‍ നിന്നും 1475ഗ്രാം സ്വര്‍ണവും ഫാസിനില്‍ നിന്ന് 1157 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ദൂബൈയില്‍ നിന്നുള്ള 56702 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരില്‍ വന്നിറങ്ങിയതായിരുന്നു ഇരുവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ പ്രവീണ്‍കുമാര്‍ കെ.കെ, പ്രകാശ് എം, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ്, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അബ്ദുല്‍ ബാസിത്ത് സ്വകാര്യഭാഗത്തും ഫാസിന്‍ സോക്‌സിനുള്ളിലുമാണ് സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.