എന്ന് തീരും ഈ ദുരിത യാത്ര; കല്ലൂർ കടവിൽ പാലം യാഥാർത്ഥ്വമാക്കണം


പേരാമ്പ്ര: കല്ലൂർ നിവാസികൾക്ക് വേളം വടകര മേഖലകളിലേക്കും കുറ്റ്യാടിവഴി കണ്ണൂർക്കും പുറവൂർ മുതുവണ്ണാച്ചവേളം നിവാസികൾക്ക് പേരാമ്പ്ര വഴി കോഴിക്കോടേക്കുമുള്ള എളുപ്പമാർഗമായ കല്ലൂർപാറക്കടവത്ത്പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്-പതിനാല് പതിനഞ്ച് വാർഡുകളിലെ ഇരു കരകളിലെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യഥാർത്ഥാമാവുന്നതോടെ പ്രദേശിക വികസനത്തിന് മുഖ്യ പങ്ക് വഹിക്കാൻ കഴിയും.

വർഷം തോറും ആയിരങ്ങൾ ചെലവിട്ടു തെങ്ങും കവുങ്ങും ഉപയോഗിച്ച് തടിയുടെ പാലം പഞ്ചായത്ത് വക നിർമ്മിച്ച് നൽകാറാണ് പതിവ്. ചിലപ്പോൾ വർഷത്തിൽ രണ്ട് തവണയായും പാലം നിർമിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഭരണാനുമതി ലഭിച്ച പാലം എന്ന് യാഥാർത്ഥ്യമാവും എന്ന ചിന്തയാലാണ് നാട്ടുകാർ.

കോൺഗ്രീറ്റ് പാലത്തിനായി 7.70 കോടിയുടെ ഭരണാനുമതി ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. നാല് തൂണുകളിലായി 56.20 മീറ്റർ നീളത്തിലാണ് പാലം നിർമാണം. 11 മീറ്റർ വീതിയുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിൽ റോഡുണ്ടാകും. ഇരുഭാഗത്തും 100 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കാനും പദ്ധതിയുണ്ട് .

രണ്ടര പതിറ്റാണ്ടായി പ്രദേശവാസികൾ പാലത്തിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിയിട്ട് . അപ്രാച്ച് റോഡ് നിർമിക്കാൻ കമ്മിറ്റി നേതൃത്വത്തിൽ മൂന്ന് സെൻറ് സ്ഥലം വിലകൊടുത്ത് വാങ്ങുകയും ചെയ്തു. ചെറിയ സ്ഥലം കുടി ഇതോട് ചേർന്ന് ഇനിയും വേണ്ടി വരും. പ്രളയകാലത്ത് വെള്ളം കയറുന്നത് കണക്കിലെടുത്ത് പാലത്തിൻ്റെ ഉയരം പുനർനിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ആദ്യ അടങ്കൽ മാറ്റിയാണ് പുതിയത് തയ്യാറാക്കിയത്. പാലം യാഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.