എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ പണം ചിലപ്പോള്‍ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടേക്കാം; കൊയിലാണ്ടി സ്വദേശി ശിഹാബുദ്ദീന് പറയുന്നത് കേള്‍ക്കുക
പേരാമ്പ്ര: ഇപ്പോള്‍ എടിഎം കാര്‍ഡ് കൈവശമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എല്ലാ തരത്തിലുള്ള പണമിടപാടുകള്‍ക്കും നമ്മള് ആശ്രയിക്കുന്നത് ഗൂഗിള്‍ പേ, ഫോണ്‍ എന്നിവയ്ക്കൊപ്പം എടിഎം സ്വയിപ്പിംഗുമാണ്. ചെറുതും വലുതുമായ എല്ലാ കടകളിലും ഇതിനുള്ള സംവിധാനം ഇപ്പോഴുണ്ട്.
എന്നാല്‍ എടിഎം സ്വയിപ്പിംഗില് ഒളിഞ്ഞിരിക്കുന്ന വില്ലന്മാരെ ആരും ശ്രദ്ധിക്കാറില്ല. എടിഎം സ്വയിപ്പ് ചെയ്ത് ബില്‍ അടയ്ക്കുമ്പോള്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ പണം പലര്‍ക്കും അക്കൗണ്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. നമ്മുടെ ശ്രദ്ധക്കുറവാണ്
ഇതിന് കാരണം.
എടിഎം സ്വയിപ്പിംഗ് വഴി ബില്‍ അടയ്ക്കുമ്പോള്‍ പിന് നമ്പര്‍ അടിച്ചു കൊടുത്താല്‍ നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന മട്ടാണ് പലര്‍ക്കും. യഥാര്‍ത്ഥ ബില്‍ തുകയാണോ അക്കൗണ്ടില്‍ നിന്നും അവര്‍ പിന്‍വലിക്കുന്നത് എന്ന് നമ്മളില്‍ പലരും ശ്രദ്ധിക്കാറെയില്ല. ബില്‍ അടച്ച ശേഷം റസീപ്റ്റ് വാങ്ങി അതില്‍ രേഖപ്പെടത്തിയിരിക്കുന്ന തുക എത്രയാണെന്ന് നമ്മള് നോക്കാറില്ല.
എന്നാല്‍ നമ്മുടെ ഇത്തരം മനോഭാവത്തില്‍ ഇനിയെങ്കിലും മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ നമ്മളറിയാതെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായികൊണ്ടിരിക്കും എന്ന് തെളിയിക്കുന്നതാണ് കൊയിലാണ്ടി സ്വദേശി ശിഹാബിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കോഴിക്കോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയപ്പോള്‍ ബില്‍ തുക എടിഎം ഉപയോഗിച്ച് സ്വയിപ്പ് ചെയ്തപ്പോള്‍ അദ്ദേഹത്തിനുണ്ടായ ദുരനുഭവമാണ് കുറിപ്പില്‍
ശിഹാബുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇത് എന്റെ അനുഭവം
എത്രയെത്ര ഹതഭാഗ്യവാന്മാര് ചതിക്കപ്പെടുന്നുണ്ടാകും
രണ്ട് ദിവസം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപമുള്ള പ്രമുഖ അറബിക് റസ്റ്റാറന്റില്‍ നിന്ന് രാത്രി 1239/ രൂപയുടെ ഭക്ഷണം വാങ്ങിച്ചു ബില്‍ അടച്ചത് കാര്‍ഡ് ഉപയോഗിച്ചായിരുന്നു ( ചെറിയ അശ്രദ്ധ എന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നത് സമ്മതിച്ചു കൊണ്ട് തന്നെ) ബില്‍ സംഖ്യയും അടച്ച് പാര്‍സല്‍ കൗണ്ടറില്‍ നിന്ന് ഭക്ഷണവും വാങ്ങി ഞാന്‍ സ്ഥലം വിട്ടു
സാധാരണ ഗതിയില്‍ ഞാന്‍ ബില്‍ ചോദിച്ചു സൂക്ഷിക്കുന്ന പതിവില്ല പക്ഷെ എന്തോ ! ബില്ലും ബാങ്ക് റസിപ്റ്റും ഞാന്‍ ചോദിച്ചു തന്നെ വാങ്ങി, ബില്‍ തരാന്‍ ഒരു വിമുഖതയുള്ള പോലെയാണ് എനിക്ക് തോന്നിയത്.
ബേബിയില്‍ ഫുഡും കൊടുത്ത് ബാക്കി പാര്‍സലുമായി ഞങ്ങള്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ബില്‍ കാറില്‍ ചുമ്മാ അലക്ഷ്യമായി വെയ്ക്കുകയും ഇന്നലെ 10/8 കരന്റ് ഇല്ലാത്തത് കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കാറില്‍ കയറിയപ്പോള്‍ ബില്ല് കണ്ട് ചുമ്മാ ഒന്ന് നോക്കിയപ്പോള്‍ ബില്‍ എമൌണ്ടിന് പകരം കാര്‍ഡ് സൈ്വപ്പിംഗിലൂടെ 2235/ രൂപ എടുത്തതായി കണ്ടു.
1000 രൂപ കൂടുതല്‍. ഞാന്‍ ഹോട്ടലിലേക്ക് വിളിച്ചു – ലഭിച്ച മറുപടി കാഷ്യര്‍ ജോലി കഴിഞ്ഞു പോയിരിക്കുന്നു നാളെ കാലത്ത് തിരിച്ചുവിളിക്കാം എന്നായിരുന്നു. ഇന്ന് 10:30 ന് ഞാന്‍ വീണ്ടും വിളിക്കുകയും നന്നായി സംസാരിക്കുകയും ചെയ്തു.
ഞാന്‍ വരികയാണെങ്കില്‍ 1000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നും, തുടര്‍ന്ന് അവര്‍ തെറ്റ് സമ്മതിക്കുകയും മന: പൂര്‍വ്വമല്ല എന്ന് പറഞ്ഞു കൊണ്ട് തടിയൂരാനുള്ള ശ്രമമാണ് നടന്നത്. വൈകുന്നേരത്തോടെ എന്നോട് അധികമായി വാങ്ങിയ പൈസ ഗൂഗിള്‍ പേ വഴി അയച്ച് തരികയും ചെയ്തു.
അബദ്ധത്തിലായാലും മന: പൂര്‍വ്വമായാലും കാര്‍ഡ് ഉപയോഗിച്ച് പൈസ അടയ്ക്കുന്ന പ്രിയ സുഹൃത്തുക്കള്‍ ജാഗ്രത പാലിക്കേണ്ടതിലേക്ക് മാത്രമാണ്
ഞാനിത് എഴുതാന്‍ കാരണം.
ഇത്തരം ഹോട്ടലുകളില്‍ ആശുപത്രികളില്‍ നിന്നുള്ള കസ്റ്റമേഴ്സ് ധാരാളം ഉണ്ടാകും. പല ടെന്ഷനുകളിലുള്ള ആളുകളാവാം, ഒരു പക്ഷെ കാര്‍ഡില്‍ കാഷ്യര്‍ അടിക്കുന്ന സംഖ്യ എല്ലാവരും ശ്രദ്ധിക്കണമെന്നില്ല. പറ്റിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആശുപത്രികളില്‍ ദൂരെ ജില്ലകളില്‍ നിന്നെത്തുവര്‍ ഇതിന്റെ പിറകെ പോകണമെന്നില്ല. പിന്നെ ആരെങ്കിലും പരാതിപ്പെട്ടാല്‍ അബദ്ധത്തില്‍ പറ്റിയതാണെന്ന വിശദീകരണവുമായി ബാക്കി തുക മടക്കി നല്കി തടി തപ്പുകയും ചെയ്യും.
മൊബൈലില്‍ വരുന്ന മെസേജ് നമ്മള് ശ്രദ്ധിക്കണമെന്നില്ല.
കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതലിക്കുക
കഴിവതും ‘ഗൂഗിള്‍ പേ പോലുള്ള ആപ്പുകളാണ് കൂടുതല്‍ സുരക്ഷിത്വം
ശിഹാബുദ്ദീന്
ശിഹാബുദ്ദീൻ ഒരു വ്യക്തിയല്ല, നമ്മളെ പ്രതിനിധികരിക്കുന്ന ഒരാള്‍ മാത്രമാണ്. ഇദ്ദേഹത്തിന്റെ അനുഭവം നമ്മളില്‍ പലരും നേരത്തെ അഭിമുഖീകരിച്ചതുമാവാം. എന്നാല്‍ ഇതിന് പുറകെ പോയി നഷ്ടപ്പെട്ട തുക തിരികെ വാങ്ങിയവര്‍ എത്ര പേരുണ്ടാകും. നമ്മളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധയാണ് ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രചോദനം നല്‍കുന്നത്.
അതിനാല്‍ എടിഎം സ്വയിപ്പ് ചെയ്ത് പണമടയ്ക്കുന്നവര്‍ ബില്ലിലെ തുക തന്നെയാണ് അവര്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ബില്‍ അടച്ച ശേഷം റസീപ്റ്റ് വാങ്ങി ഇക്കാര്യം ഒരിക്കല്‍ കൂടി ഉറപ്പു വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇനിയും ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.