വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം തേടി എടവരാട് ആരോഗ്യ ഉപകേന്ദ്രം


പേരാമ്പ്ര : ചേനായി ടൗണിനുസമീപം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര പഞ്ചായത്തിലെ എടവരാട് ആരോഗ്യ ഉപകേന്ദ്രം നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കൂടുതല്‍ സൗകര്യപ്രദമായ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്വന്തം കെട്ടിടം കാലപ്പഴക്കത്താല്‍ ഉപയോഗ യോഗ്യമല്ലാതായതോടെ രണ്ടുവര്‍ഷംമുമ്പാണ് പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നത്. മുന്‍ ഹൈക്കോടതി ജഡ്ജി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കൈപ്രം കക്കാട്ടിടത്തില്‍ പറമ്പില്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് മൂന്ന് പതിറ്റാണ്ടുമുന്‍പ് നിര്‍മിച്ചതായിരുന്നു ഇത്. കെട്ടിടം ശോച്യാവസ്ഥയിലെത്തിയതോടെ ആരോഗ്യകേന്ദ്രം മാറ്റാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഒട്ടേറെപ്പേര്‍ എത്തിയിരുന്ന കേന്ദ്രമാണ് എടവരാടുള്ള ആരോഗ്യ ഉപകേന്ദ്രം.

പേരാമ്പ്രയിലെ താലൂക്കാശുപത്രി സി.എച്ച്.സി. ആയിരുന്നപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് എടവരാട് ആരോഗ്യ ഉപകേന്ദ്രം. പേരാമ്പ്ര പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലുള്ളവര്‍ക്കാണ് ഉപകേന്ദ്രത്തിന്റെ സേവനം പ്രധാനമായി ലഭിക്കാറുള്ളത്. 18, 19 വാര്‍ഡുകളിലുള്ളവരും എത്താറുണ്ട്. തിരക്കേറിയ താലൂക്കാശുപത്രിയില്‍ പോകാതെതന്നെ പ്രതിരോധ കുത്തിവെപ്പടക്കമുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് സഹായകമാണ്. കൂടാതെ ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കും ആരോഗ്യകേന്ദ്രത്തില്‍ നടന്നുവരുന്നു. മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പണി കഴിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് നിര്‍മാണത്തിനായി മണ്ണെടുത്തതിനാല്‍ ആശുപത്രി കെട്ടിടത്തിന്റെ മുന്‍ഭാഗം നേരത്തെയുള്ളതിനെക്കാള്‍ താഴ്ന്നിട്ടുണ്ട്. അതിനാല്‍ നിലവിലെ കെട്ടിടം നില്‍ക്കുന്ന സ്ഥലത്ത് മണ്ണെടുത്തുമാറ്റി ഉയരംകുറച്ച് പുതിയകെട്ടിടം നിര്‍മിക്കേണ്ടി വരും. നേരത്തെയുള്ള കെട്ടിടത്തിനൊപ്പം കുഴല്‍കിണറും ഉണ്ടായിരുന്നു. അതും ഇപ്പോള്‍ ഉപയോഗയോഗ്യമല്ല. നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞദിവസം പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി എന്നിവര്‍ ഉപകേന്ദ്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക