ഉള്ള്യേരിയില്‍ ബിജെപി നേതാവ് വട്ടക്കണ്ടി മോഹനന് കുഴഞ്ഞു വീണ് മരിച്ചു
കൊയിലാണ്ടി: ഉള്ളിയേരി ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും, സാമുഹ്യ പ്രവര്‍ത്തകനുമായിരുന്ന ഉള്ളിയേരി 19 ലെ വട്ടക്കണ്ടി മോഹനന് അന്തരിച്ചു. അമ്പത് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഉള്ളിയേരി ടൗണില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നെഞ്ച് വേദന അനുഭവപ്പെട്ട മോഹനന് വീട്ടില്‍ നിന്നുംമരുന്ന് വാങ്ങാന്‍ ഉള്ളിയേരി ടൗണില്‍ എത്തിയപ്പോഴായിരുന്നു സംഭവം. രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.
പാലോറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാഷ്ട്രീയ സ്വയം സേവക സംഘ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങി. യുവമോര്‍ച്ചയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു. യുവമോര്‍ച്ച ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി , ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ഉള്ളിയേരി പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. 2015 ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉള്ളിയേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പാര്‍ട്ടിയെ വാര്‍ഡില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചു. മാധവന് നായരുടെയും ലക്ഷ്മി അമ്മയുടേയും മകനാണ് അവിവാഹിതനായ മോഹനന്. ബിന്ദുവാണ് സഹോദരി.