ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസം, പേരാമ്പ്രയിൽ കുടിവെള്ള പദ്ധതി പമ്പ് ഹൗസ് നിലംപൊത്തി; ഫണ്ട് എംപി യുടെത്, നിർമ്മിച്ചത് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള സൊസൈറ്റി


പേരാമ്പ്ര: നിർമാണ ഉൽഘാടനം കഴിഞ്ഞ്‌ എട്ടുമാസത്തിനകം കുടിവെള്ള പദ്ധതിയുടെ പമ്പ്‌ ഹൗസ്‌ നിലംപൊത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാർഡിൽ എംപി ഫണ്ടിൽ നിർമിച്ച കുടിവെള്ള പദ്ധതിയാണ്‌ നിർമാണത്തിലെ അപാകത മൂലം നിലംപൊത്തിയത്‌. പ്രദേശത്തെ 91 കുടുംബങ്ങൾക്കായി 26 ലക്ഷം മുടക്കി ആരംഭിച്ച കേളോത്ത്‌ മീത്തൽ‐ തൈക്കണ്ടി കുടിവെള്ള പദ്ധതിയുടെ പമ്പ്‌ ഹൗസ്‌ ആണ്‌ തിങ്കളാഴ്‌ച തകർന്നത്‌.

വെള്ളമൊഴുകുന്ന തോട്ടിൽ ആവശ്യമായ അടിസ്ഥാനമില്ലാതെ നിർമിച്ച കെട്ടിടം തകരുകയായിരുന്നു. ആവശ്യമായ മണലോ, സിമന്റോ ഉപയോഗിക്കാതെയാണ്‌ കോൺക്രീറ്റ്‌ മേഞ്ഞ കെട്ടിടം നിർമിച്ചതെന്ന്‌ നാട്ടുകാർ ആരോപിച്ചു. 2011ൽ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആയിരിക്കെയാണ്‌ പദ്ധതി ആരംഭിച്ചത്‌. 2016 ൽ ആണ്‌ നിർമാണം ആരംഭിച്ചത്‌. കോൺഗ്രസ് നേതൃത്വത്തിലുള്ള സൊസൈറ്റിയാണ് പദ്ധതിയുടെ നിർമാണം ഏറ്റെടുത്തത്‌.

അന്നത്തെ കോൺഗ്രസ്‌ വാർഡ്‌ മെമ്പർ അടക്കമുള്ളവർ ഉൾപ്പെട്ട കമ്മിറ്റിക്കായിരുന്ന നിർമാണ ചുമതല. നിർമാണത്തിലെ അപാകത നാട്ടുകാർ പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം അവഗണിച്ചു. 2020 ജൂണിൽ കെ.മുരളീധരൻ എംപിയാണ്‌ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്‌.

ഇതിനിടയിൽ നിരവധി തവണ മോട്ടോർ കേടായി കുടിവെള്ള വിതരണം നിലച്ചു. കിണറിന്റെ നിർമാണത്തിനെന്ന പേരിൽ ഗുണഭോക്താക്കളിൽ നിന്നും വൻതുക തട്ടാനുള്ള പ്രാദേശിക നേതാക്കളുടെയും, ചിലരുടെയും ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. നിർമാണത്തിലെ അപാകത പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം നടത്തണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.