ഈ നാട് നിങ്ങളെ എന്നുമോര്‍ക്കും; പേരാമ്പ്രയുടെ മണ്ണില്‍ നിങ്ങളൊരുപാട് കാലം ജീവിക്കും, ലിനിയുടെ ചിത്രങ്ങളില്‍ നിറഞ്ഞ് പെരുവണ്ണാമുഴി ആരോഗ്യകേന്ദ്രം


പേരാമ്പ്ര: ചുറ്റുമതിലില്‍ വിത്യസ്ത തീര്‍ത്ത് പെരുവണ്ണാമുഴി ആരോഗ്യ കേന്ദ്രം. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തി നാടിന്റെ ചിത്രമായി മാറിയിരിക്കുകയാണ്. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഒരു നാടിന്റെ തീരാ ദുഃഖമായി മനസ്സിലിടം നേടിയ പേരാമ്പ്രയിലെ സിസ്റ്റര്‍ ലിനിയുടെയും, മദര്‍ തെരേസയുടെയും ചിത്രവും, ആരോഗ്യ സന്ദേശങ്ങള്‍ വിവരിക്കുന്ന വിവിധ ചിത്രങ്ങളുമാണ് പ്രധാന ആകര്‍ഷണം.

പ്രദേശത്തെ വിവിധ ആളുകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഇതിനായുള്ള തുക പഞ്ചായത്ത് കണ്ടെത്തിയതെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് പറഞ്ഞു. ചക്കിട്ടപ്പാറയിലെ നിരവധി കലാകാരന്‍മാരുടെ അകമഴിഞ്ഞ സഹായവും ഈ പരിപാടിയ്ക്ക് ലഭിച്ചു.

ആര്‍.ബി.ബാലകൃഷ്ണന്‍, ദീപേഷ് ചക്കിട്ടപ്പാറ, രജിത്ത് പഠാണിപ്പാറ എന്നിവരുടെ നേതൃത്വത്തിലുള്ള പേരാമ്പ്രയിലെ കലാകാരന്‍മാരുടെ കൂട്ടായ്മയുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളും പഞ്ചായത്ത് ഭരണ സമിതിയും പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കി. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി കൊണ്ട് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികളും പരിപാടികളുമാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ പറഞ്ഞു.