ഇന്ന് ലോക ഭിന്നശേഷി ദിനം; ഭിന്നശേഷി സൗഹൃദ ജീവിതം ചില നിർദ്ദേശങ്ങൾ ഇതാ


ജി. രവി

ഭിന്നശേഷിക്കാരായ കുട്ടികൾ ഒരു യാഥാർത്ഥ്യമാണ്. മറ്റുളവരേപ്പോലെ തന്നെ അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. സർക്കാർ ഏജൻസികളും , പൊതു സമൂഹവും അവരവരിൽ നിക്ഷിപ്തമായ അധികാരവും ഉത്തരവാദിത്തവും ക്രിയാത്മകമായി ഉപയോഗിച്ചാൽ പ്രശ്നങ്ങൾ പരിഹൃതമാകും എന്നതിൽ സംശയമില്ല.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഏറെ കാര്യങ്ങളിൽ മുൻകൈ എടുക്കാൻ കഴിയും. ഓരോ വാർഡ് മെമ്പറും ജനങ്ങളെ അത്രമേൽ അറിയുന്നവരാണ്. അതിനാൽതന്നെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി, പരിഹാര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പ്രയാസമില്ല.

എല്ലാ കാര്യങ്ങളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെയ്യണമെന്നല്ല. ചിലത് ചെയ്യാം. മറ്റു കാര്യങ്ങളിൽ നേതൃത്വ പരമായ പങ്കാണ് പഞ്ചായത്തിനു നിർവഹിക്കാനുള്ളത്. എംപി, എം എൽ എ ഫണ്ടുകൾ, ബാങ്കുകൾ, കമ്പനികൾ എന്നിവയുടെ സി എസ് ആർ ഫണ്ടുകളും സമാഹരിക്കാൻ പഞ്ചായത്തിനു കഴിയും.

രണ്ടു തരത്തിലുള്ള ഭിന്നശേഷി ക്കാരാണ് നമ്മുടെ പരിഗണനയിൽ വരിക (ഇതിൽ 21 കാറ്റഗറികളിലായി പ്രയാസമനുഭവിക്കുന്ന എല്ലാവരും ഉൾപ്പെടും).

  1. വിദ്യാലയങ്ങളിൽ പോകുന്നവർ
  2. കിടപ്പിലായവർ.

പൊതുവിൽ ഇവരനുഭവിക്കുന്ന പ്രയാസങ്ങളെ താഴെ പറയുന്ന രീതിയിൽ കാണാമെന്നു തോന്നുന്നു.

1. പര്യാപ്തമായ സൗകര്യത്തോടു കൂടിയ വീടില്ലാത്തവർ ( അഡാപ്റ്റഡ് ടോയ്ലറ്റ് അടക്കം)

2. വീട്ടിലേക്ക് വഴിയില്ലാത്തവർ.

3. തെറാപ്പി സൗകര്യങ്ങൾ ലഭ്യമല്ലാത്തവർ

4. മരുന്നു വാങ്ങാൻ പണമില്ലാത്തവർ

5. ആവശ്യമായ സഹായഉപകരണങ്ങൾ ഇല്ലാത്തവർ


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


6.കിടപ്പിലായവരെശ്രദ്ധിക്കേണ്ടതു കൊണ്ട്മറ്റ്ജോലിക്ക്പോകാൻപറ്റാത്തരക്ഷിതാക്കളുളളവർ .

7.ഒരു വരുമാന മാർഗ്ഗവും ഇല്ലാത്തവർ.

8. സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ .

9. സർക്കാരിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾ അതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട് ലഭിക്കാത്തവർ.

10. ഇത്തരമൊരു കുട്ടിയുള്ളതു കൊണ്ട് ബന്ധുക്കൾ ഉപേക്ഷിച്ചു പോയവർ .

താഴെ സൂചിപ്പിക്കുന്ന തരത്തിലുളള ഇടപെടൽ നടത്താൻ പഞ്ചായത്തുകൾക്ക് കഴിയും:

1. ഭിന്നശേഷി ക്കാരെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണം – ഡാറ്റാ ബാങ്ക് തയ്യാറാക്കൽ.

(കൃത്യമായ തയ്യാറെടുപ്പോടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് വേണ്ടത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും കുടുംബത്തിന്റേയും വിവര ശേഖരണം നടത്തണം. ഭൗതീക സൗകര്യങ്ങൾ, ആരോഗ്യ കാര്യങ്ങൾ, ജീവിത ചുറ്റുപാട് , സാമ്പത്തീക വരുമാന ശ്രോതസ് , സ്ഥിരവരുമാന അവസ്ഥ, ലഭിച്ചു കൊണ്ടിരിക്കുന്നു സഹായങ്ങൾ എന്നിവയുൾപ്പടെയുള്ള വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ആശാ വർക്കർമാർ , അങ്കണവാടി പ്രവർത്തകർ , റിസോഴ്സ് അധ്യാപകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗിക്കണം.)
(മാതൃകാ ഫോർമാറ്റ് അനുബന്ധമായി നൽകുന്നു.)

2. തെറാപ്പി സെന്ററുകൾ സ്ഥാപിക്കുക.

സ്പീച്ച്, ഫിസിയോ , ഒക്യുപ്പേഷണൽ തെറാപ്പി സെന്ററുകൾക്കാവശ്യമായ കെട്ടിടം നിർമ്മിക്കാം. അവയിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകാം. സമഗ്ര ശിക്ഷയുമായി സഹകരിച്ച് സെൻററുകളിലേക്കാവശ്യമായ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പു വരുത്താം.

3. തെറാപ്പി സെൻററുകളിലേക്ക് എത്തിച്ചേരാനാവശ്യമായ വാഹന സൗകര്യം നൽകാം.

ശാരീരിക അവസ്ഥകൾ കൊണ്ട് തെറാപ്പി സെൻററുകളിലെത്താൻ കഴിയാത്തവർക്കായി ഗൃഹാധിഷ്ഠിത തെറാപ്പി സൗകര്യം നൽകൽ. (മൊബൈൽ തെറാപ്പി യൂണിറ്റ് പരിഗണിക്കാവുന്നതാണ്).

4. കിടപ്പിലായ കുട്ടികളുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം.

വീടുകളിൽ വെച്ചു തന്നെ ചെയ്യാൻ കഴിയുന്ന തൊഴിലുകളിലാണ് പരിശീലനം നൽകേണ്ടത്.

(എൽ ഇ ഡി ബൾബ് നിർമ്മാണം, മെഴുകുതിരി, പേപ്പർകാരി ബാഗ് നിർമ്മാണങ്ങൾ, മട്ടുപ്പാവ് കൃഷി, മത്സ്യം വളർത്തൽ , കോഴി വളർത്തൽ തുടങ്ങിയവ).

5. അത്തരം 5 രക്ഷിതാക്കൾ ഉൾപ്പെടുന്ന ചെറു യൂണിറ്റുകളുടെ രൂപീകരണം.

5. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് യൂണിറ്റുകൾക്ക് വായ്പാസൗകര്യങ്ങൾ ഏർപ്പെടുത്തൽ.

6. ഉത്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിപണനം ചെയ്യൽ.

7.കുട്ടികളെ വിട്ട് പുറത്തു പോകാൻ കഴിയാത്തവർക്കായി തൊഴിലുറപ്പ് പദ്ധതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആലോചിക്കാവുന്നതാണ്.

8. പ്രതിമാസം വീടുകളിലെത്തി വൈദ്യ പരിശോധന.

9. മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകൽ.

10. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരിക്കാൻ കഴിയുംവിധം റിക്രിയേഷൻ സെൻററുകൾ സ്ഥാപിക്കൽ .

11.ഓരോപഞ്ചായത്തിലും ഒരുഭിന്നശേഷിസൗഹൃദപാർക്ക്നിർമ്മിക്കൽ.

12. വിദ്യാലയങ്ങളും പൊതു സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കൽ (റാമ്പ് , അഡാപ്റ്റഡ് ടോയ്ലറ്റ്, റെയിൽ etc)

13. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടന്നുന്ന വിദ്യാലയങ്ങളേയും സ്ഥാപനങ്ങളേയും (സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ) ആദരിക്കൽ . മാതൃക മറ്റുള്ളവർക്ക് പരിചയപ്പെടുത്തൽ .

14. മാതാപിതാക്കൾക്ക് കൗൺസലിംഗ് നൽകാനുള്ള സൗകര്യമൊരുക്കൽ.

15. കിടപ്പിലായ കുട്ടികളുമൊത്ത് വിനോദ യാത്രകൾ സംഘടിപ്പിക്കൽ.

16. ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തൽ – അഡാപ്റ്റഡ്ശുചിമുറി, റാമ്പുകൾ, റെയിലുകൾ തുടങ്ങിയവ.

17. പഠിക്കുന്ന കുട്ടികൾക്ക് അഡാപ്റ്റഡ് മേശകൾ, കസേരകൾ എന്നിവ വിതരണം .

18. ലാപ് ടോപ്പ്, ഓഡിയോ സംവിധാനങ്ങൾ എന്നിവ കുട്ടിയുടെ നിലയനുസരിച്ച് വിതരണം ചെയ്യൽ. (കാഴ്ചാ പരിമിതരെ പ്രത്യേകമായി പരിഗണിക്കണം )

19. വീട്ടിലേക്ക് വീൽ ചെയർ എങ്കിലും (റോഡാണ് വേണ്ടത് ) എത്തുന്ന വഴിയുണ്ടാക്കിക്കൊടുക്കൽ.

20. പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, എസ് എസ് കെ , വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സഹായങ്ങൾ കൃത്യമായി കിട്ടുന്നുണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കൽ.

ബുദ്ധിപരിമിതിയുള്ള കുട്ടികൾക്കുള്ള ഗാർഡിയൻ ഷിപ്പ് സർട്ടിഫിക്കറ്റ് പോലുള്ളവ ( LLC ) നൽകുന്നത്. പഞ്ചായത്തിന് കലക്ടറേറ്റുമായി ബന്ധപ്പെട്ട് ക്യാമ്പ് നടത്താവുന്നതാണ്

21. പ്രത്യേക അയൽക്കൂട്ടങ്ങൾ/ഗ്രാമസഭകൾ കാര്യക്ഷമമാക്കൽ.

22. ഭിന്നശേഷി ക്ഷേമത്തിനായി ഒരു സ്ഥിരം സമിതി രൂപീകരിച്ച് പ്രവർത്തിക്കൽ . പ്രതിമാസ അവലോകന ആസൂത്രണ യോഗങ്ങൾ ചേരൽ .

23. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിൽ ഭിന്നശേഷി പ്രവർത്തനങ്ങൾ ഒരു നിർബന്ധിത അജണ്ടയാക്കി ചർച്ച ചെയ്യൽ.

24. പഞ്ചായത്ത് ഭരണ സമിതിയിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ ഒരു നിർബന്ധിത അജണ്ടയാക്കി ചർച്ച ചെയ്യൽ.

25. ഒന്നാമതായി പറഞ്ഞ സമഗ്ര വിവര ശേഖരണത്തിനെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കൽ.

ഏതാനും പ്രവർത്തനങ്ങൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ഓരോ കുട്ടിയുടേയും കുടുംബത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. അതിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന ഒരു സംവിധാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പോലെ മറ്റൊന്നില്ല.

ഭിന്നശേഷി സൗഹൃദ ജീവിതമെന്നത് യാഥാർത്ഥ്യമാക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കുക എന്നതാണ് പ്രധാനം.

(വിദ്യാഭ്യാസ പ്രവർത്തകനാണ് ലേഖകൻ)


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.